സൂപ്പർ ലീഗ് കേരള ഫുട്ബാൾ കണ്ണൂരിൽ ഇന്ന് കലാശം
കണ്ണൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ രണ്ടാം സീസൺ ജേതാവിനെ ഇന്നറിയാം. വൈകിട്ട് 7.30ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക് എഫ്.സിയുമാണ് കിരീടം തേടിയുള്ള പോരാട്ടത്തിനിറങ്ങുന്നത്. ഇരു ടീമുകളുടെയും ആദ്യ ഫൈനലാണിത്. തൃശൂർ നോക്കൗട്ട് റൗണ്ടിലേക്കുതന്നെ ആദ്യമായാണ് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലുകളിൽ തൃശൂർ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് മലപ്പുറം എഫ്.സിയേയും കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് കാലിക്കറ്റ് എഫ്.സിയേയും തോൽപ്പിച്ചിരുന്നു. ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം മാർക്കസ് ജോസഫ് നേടിയ ഹാട്രിക്കാണ് തൃശൂരിന് ആദ്യ ഫൈനലിലേക്ക് വാതിൽ തുറന്നത്. മുഹമ്മദ് സിനാൻ നേടിയ ഗോളിലൂടെയാണ് കണ്ണൂർ മലപ്പുറത്തിന്റെ കിരീടപ്രതീക്ഷകൾ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് കുതിച്ചത്.
മാർക്കസ് ജോസഫ് തന്നെയാകും ഇന്നും തൃശൂരിന്റെ തുറുപ്പുചീട്ട്. മിഡ്ഫീൽഡിൽ ലെന്നി റോഡ്രിഗസ്,ഫയാസ്, നവീൻ കൃഷ്ണ,കൊളംബിയക്കാരൻ കെവിൻ പാഡില,ഘാനക്കാരൻ ഫ്രാൻസസ് അഡോ എന്നിവർ ചേർന്നാണ് നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്.ബ്രസീലിയൻ താരം മെയിൽസൺ ആൽവ്സ് നയിക്കുന്ന പ്രതിരോധത്തിൽ ജിയാദ്,തേജസ് കൃഷ്ണ,ബിബിൻ അജയൻ എന്നിവർ അണിനിരക്കും. കമാലുദ്ദീനാണ് വലകാക്കുക. പകരക്കാരുടെ നിരയിൽ ഫൈസൽ അലി,മുഹമ്മദ് അഫ്സൽ,ഉമാശങ്കർ,ഇവാൻ മാർക്കോവിച്ച് തുടങ്ങിയവരുണ്ടാകും.
സ്പാനിഷ് താരം ഏസിയർ ഗോമസ്,കാമറൂൺ താരം ഏണെസ്റ്റൻ, മലയാളി സ്ട്രൈക്കർ മുഹമ്മദ് സിനാൻ തുടങ്ങിയവരാണ് കണ്ണൂരിന്റെ കുന്തമുനകൾ. പ്രതിരോധത്തിൽ നിക്കോളാസ് ഡെൽമോണ്ടയും സച്ചിൻ സുനിലും മനോജ് കണ്ണനും അണനിരക്കും. അർജുൻ മോഹൻ,ഷിജിൻ തേദേവൂസ് മിഡ്ഫീൽഡിലുണ്ടാകും. അൽക്കേഷ് രാജാണ് ഗോളി.ഒ.എം ആസിഫ്, അശ്വിൻ കുമാർ,അബ്ദുകരിം തുടങ്ങിയവരെ പകരക്കാരായും പരീക്ഷിക്കും.
ഫൈനലിലേക്കുള്ള വഴി
തൃശൂർ മാജിക്
കഴിഞ്ഞ സീസണിൽ ഒരൊറ്റക്കളി മാത്രം ജയിക്കുകയും ഏഴെണ്ണത്തിൽ തോൽക്കുകയും ചെയ്ത് ഏറ്റവും പിന്നിലായിപ്പോയ തൃശൂർ ശരിക്കും മാജിക് പുറത്തെടുത്തത് ഈ സീസണിലാണ്.
പ്രാഥമിക റൗണ്ടിലെ 10 കളികളിൽ അഞ്ചുജയങ്ങൾ,രണ്ട് സമനിലകൾ. മൂന്ന് തോൽവികൾ മാത്രം. 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ആദ്യ മത്സരത്തിൽ മലപ്പുറത്തോട് തോറ്റാണ് തുടങ്ങിയതെങ്കിലും അടുത്തകളിയിൽ കാലിക്കറ്റിനെ തോൽപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തേയും ഫോഴ്സ കൊച്ചിയേയും കൂടി 1-0 എന്ന സ്കോറിൽ കീഴടക്കി.
കണ്ണൂർ വാരിയേഴ്സുമായി 1-1ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം മലപ്പുറത്തെ 2-1ന് കീഴടക്കി. അടുത്ത മത്സരത്തിൽ പക്ഷേ കാലിക്കറ്റ് പകരംവീട്ടി.
തിരുവനന്തപുരവുമായി 1-1ന് സമനിലയിലായതോടെ സെമിഉറപ്പിച്ചു. അവസാന ലീഗ് മത്സരത്തിൽ കണ്ണൂരിനോട് തോറ്റത് മുന്നേറ്റത്തെ ബാധിച്ചില്ല.
ആദ്യമത്സരത്തിൽ തോൽപ്പിച്ചിരുന്ന മലപ്പുറത്തെ സെമിഫൈനലിൽ 3-1ന് മറികടന്ന് ഫൈനലിൽ.
കണ്ണൂർ വാരിയേഴ്സ്
കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനക്കാരായി സെമിയിൽ കടന്ന കണ്ണൂർ വാരിയേഴ്സ് ഇക്കുറി നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.
പ്രാഥമിക റൗണ്ടിലെ 10 കളികളിൽ മൂന്ന് ജയങ്ങൾ നാലു സമനിലകൾ. മൂന്ന് തോൽവികൾ. 13പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്. ഒറ്റപ്പോയിന്റിനാണ് കൊമ്പൻസിനെ മറികടന്നത്.
തിരുവനന്തപുരം കൊമ്പൻസിനെ 3-2ന് തോൽപ്പിച്ച് തുടങ്ങി. തുടർന്ന് മലപ്പുറവുമായി ഗോൾരഹിത സമനില. മൂന്നാം
മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് എതിരെ ജയം.
കാലിക്കറ്റുമായും തൃശൂരുമായും സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ കൊമ്പൻസിനോട് തോറ്റു. ഏഴാം മത്സരത്തിൽ മലപ്പുറവുമായി സമനിലയിൽ പിരിഞ്ഞു.
എട്ടംമത്സരത്തിൽ ഫോഴ്സ കൊച്ചിയുമായി 1-4നും ഒൻപതാം മത്സരത്തിൽ കാലിക്കറ്റുമായി 1-2നും തോറ്റതോടെ സെമി സാദ്ധ്യത സമ്മർദ്ദത്തിലായി.എന്നാൽ അവസാന മത്സരത്തിൽ തൃശൂരിനെ തോൽപ്പിച്ചതോടെ സെമിയിൽ.
സീസണിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും സമനില പിടിച്ചിരുന്ന മലപ്പുറത്തെ തകർത്ത് ഫൈനലിൽ.
ഈ സീസണിൽ രണ്ടുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ആദ്യമത്സരത്തിൽ സമനില. രണ്ടാം മത്സരത്തിൽ കണ്ണൂരിന് ജയം.
കിക്കോഫ് 6 pm