ഒളിവിൽ കഴിയുന്ന ഗുണ്ടകളെ പുകച്ച് പുറത്തുചാടിക്കും, പുത്തൻ തന്ത്രവുമായി പൊലീസ്!
കൊല്ലം: ഒളിവിൽ കഴിയുന്ന ഗുണ്ടകളുടെ സ്രോതസടച്ച് പുകച്ച് പുറത്തുചാടിച്ച് പൂട്ടാൻ പുതുതന്ത്രവുമായി പൊലീസ്. കൊല്ലം സിറ്റിയിൽ ലക്ഷ്യം കണ്ട പരീക്ഷണങ്ങളെ കുറിച്ച് എ.സി.പി റാങ്കിലുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറയുന്നതിങ്ങനെ: ''ഗുണ്ടകളുടെ വെള്ളവും വെളിച്ചവുമാണ് ഒളിവുകാലത്ത് കിട്ടുന്ന പണവും താമസ സൗകര്യവും വാഹനങ്ങളും. കാണാമറയത്തുള്ള ഗുണ്ടകളെ സഹായിച്ച് നാട്ടിൽ വീരസ്യം വിളമ്പുന്ന പലരെയും പൂട്ടിയതോടെ സഹായം കിട്ടാതായ ഗുണ്ടകൾ മാളത്തിന് പുറത്ത് വന്നുവെന്ന് മാത്രമല്ല, സഹായികൾ ക്വട്ടേഷൻകാരുടെ ഫോൺ കോളുകൾ ഒഴിവാക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ''.
പിടിച്ചുപറി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇരുപതോളം കേസുകളിൽ പ്രതിയായി ഒളിഞ്ഞും തെളിഞ്ഞും നാട്ടിൽ വിലസിയ കൊല്ലം നഗരത്തിലെ മംഗൽ പാണ്ഡ എന്ന എബിൻ പെരേയെ പൂട്ടിയ ചരിത്രം മറ്ര് ഗുണ്ടകൾക്കും അവരെ സഹായിക്കുന്നവർക്കും പാഠമാകുമെന്ന് പൊലീസ് വിശ്വസിക്കുന്നു.
കേസുകൾ പെരുകിയിട്ടും നഗരത്തിൽ മാറി മാറി ഒളികേന്ദ്രങ്ങൾ തരപ്പെടുത്തി ആടിക്കളിച്ച മംഗൽ പാണ്ഡേയ്‌ക്കായി ഇരവിപുരം സി.ഐ പി. അജിത്ത് കുമാർ നവ മാദ്ധ്യമങ്ങളിലും നാട്ടിലുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പൊലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ അടിതെറ്റിയ മംഗൽ പാണ്ഡെ ഇരവിപുരം സി.ഐയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ച് വെടിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി. പൊലീസിന് മാത്രമല്ല തോക്കുള്ളതെന്നും തന്റെ കൈയിലും തോക്കുണ്ടെന്നറിയിച്ച മംഗൽ പാണ്ഡെ സി.ഐയോട് ഒന്നു കൂടി പറഞ്ഞു- ഞാൻ വെടിവച്ചാൽ അത് ഒരു കേവലം ക്രൈം മാത്രമാണ്. പൊലീസ് വെടിയുതിർത്താൽ അത് മനുഷ്യാവകാശ പ്രശ്‌നം കൂടിയാകും.
പൊലീസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയത് വലിയ വാർത്തയായതോടെ കൊല്ലം നഗരം വിട്ട മംഗൽ പാണ്ഡെ ഒളിത്താവളത്തിലേക്ക് ചേക്കേറി. ഈ അവസരത്തിലാണ് മംഗൽ പാണ്ഡെയ്‌ക്കും കൂട്ടുപ്രതി നിയാസിനും സഹായ പ്രവാഹമായത്.
കാർ വിട്ടുനൽകിയവർ, അക്കൗണ്ടിലേക്ക് പണം കൈമാറിയവർ, സിം കാർഡ് നൽകി സഹായിച്ചവർ, ഒളിക്കാൻ ഇടം നൽകിയവർ, വസ്‌ത്രം കടം നൽകിയവർ ഇങ്ങനെ നീളുന്നു സഹായികളുടെ പട്ടിക. ഓരോരുത്തരെയായി പൊലീസ് വിളിപ്പിച്ചു. പ്രതിയെ സഹായിക്കുന്നവർക്ക് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന ശിക്ഷയെ കുറിച്ച് ബോദ്ധ്യപ്പെടുത്തി. ഇതോടെയാണ് സുഹൃത്തുക്കൾക്കായി ചെയ്യുന്ന ചില്ലറ സഹായങ്ങൾ ഗുരുതരമയ കുറ്റകൃത്യമാണെന്ന് ചിലർക്കെങ്കിലും ബോദ്ധ്യമായത്. ഇതോടെ ഗുണ്ടകളുടെ 'വെള്ളവും വൈദ്യുതിയും' കട്ട് ചെയ്യാൻ പൊലീസിനായി.
നിവൃത്തികെട്ടതോടെ മംഗൽ പാണ്ഡെയും കൂട്ടുപ്രതി നിയാസും പാലക്കാട് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. നേരത്തെ രഞ്ജിത്ത് ജോൺസൻ വധക്കേസിൽ പരീക്ഷിച്ച് വിജയിച്ചതായിരുന്നു ഈ ശൈലി. രഞ്ജിത്ത് ജോൺസനെ ഇഞ്ചിഞ്ചായി മർദ്ദിച്ച് കൊലപ്പെടുത്തി തമിഴ്നാട്ടിലെ ക്വാറി അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹം തള്ളിയ പ്രതികൾ തങ്ങൾ സുരക്ഷിതരാണെന്ന ധാരണയിൽ നാട്ടിൽ വിലസുന്നതിനിടെ പൊലീസ് ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ ഒളിവിൽ പോയ മറ്ര് പ്രതികളുടെയും സ്രോതസ് പൊലീസ് പൂട്ടിയതോടെ അവരെ തമിഴ്‌നാട്ടിൽ നിന്ന് അനായാസം പിടിക്കാനായി. മംഗൽ പാണ്ഡെയുടെ മാതാവ് മോളി പെരേരയ്‌ക്കെതിരെയും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം പൊലീസ് രണ്ട് കേസെടുത്തു. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.