മെഡൽ രൂപകൽപ്പനയിൽ മൂന്നാമതെത്തി മലയാളി യുവതി

Friday 19 December 2025 1:22 AM IST

കോഴിക്കോട്: അടുത്തവർഷം സെനഗലിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന്റെ മെഡൽ രൂപകൽപ്പന മത്സരത്തിൽ എറണാകുളം കടവന്ത്ര ചിലവന്നൂരിലെ എലിശുബ ജോ അബ്രഹാമിന്റെ ഡിസൈൻ മൂന്നാംസ്ഥാനം നേടി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള മത്സരാർത്ഥികളിൽ നിന്നാണ് എലിശുബ മൂന്നാമതെത്തിയത്.2026 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ സെനഗലിലെ ഡാക്കറിലാണ് നാലാം യൂത്ത് ഒളിമ്പിക്‌സ് നടക്കുന്നത്.

ആഫ്രിക്കൻ മണ്ണിൽ നടക്കുന്ന ആദ്യ ഒളിമ്പിക്‌സാണിത്. 'ആഫ്രിക്ക നിങ്ങളെ സ്വാഗതംചെയ്യുന്നു, ഡാക്കർ ആഘോഷിക്കുന്നു" എന്നതാണ് ഒളിമ്പിക്‌സിന്റെ ആപ്തവാക്യം. 'സെലിബ്രേഷന്‍ ഓഫ് ട്രയംഫ് " എന്ന ആശയത്തിലൂന്നിയാണ് മെഡല്‍ ഡിസൈന്‍ ചെയ്തതെന്ന് എലിശുബ പറഞ്ഞു. സ്‌പെയിനിന്റെ മരിയ പിലർ ബാർബാദിലോ വികാരിയോയുടെ ഡിസൈൻ ഒന്നാംസ്ഥാനവും ഗ്രീസിന്റെ അഗിസിലാവോസ് കിറിയാസിസ് രണ്ടാംസ്ഥാവും നേടി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) നടത്തുന്ന കായികമേളയുടെ മെഡൽ ഡിസൈന്‍ പുരസ്‌കാരം ഇന്ത്യയിലെത്തുന്നത് ആദ്യമാണ്.

കൊല്ലം കെ.എസ്.ഐ.ഡിയിൽനിന്ന് ഡിസൈനിൽ ബിരുദം നേടിയ എലിശുബ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പരസ്യ ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ജോ എബ്രഹാമിന്റെയും ആയുർവേദ ഡോക്ടറായ ഷീബാ ജോയുടെയും മകളാണ്. സഹോദരി ഗ്രേഷ്യ മറിയം ജോ.