ടയർ പൊട്ടിയ എയർഇന്ത്യ വിമാനത്തിന് കൊച്ചിയിൽ സുരക്ഷിത ലാൻഡിംഗ്

Friday 19 December 2025 1:41 AM IST

നെടുമ്പാശേരി: വലതുവശത്തെ ഇരുടയറുകളും ഇടതുവശത്തെ ഒരുടയറും തകർന്ന അവസ്ഥയിലെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ജിദ്ദയിൽ നിന്ന് കോഴിക്കോടിനു പുറപ്പെട്ട ഐ.എക്സ് 398 വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത്.

വിമാനം പുറപ്പെട്ട് അധികം വൈകാതെ ടയറിന് തകരാർ സംഭവിച്ചതായി പൈലറ്റിന് ബോദ്ധ്യമായിരുന്നു. ടേക്ക് ഓഫ് സമയത്ത് സംഭവിച്ച തകരാറാണിത്. റൺവേയിലൂടെ ഓടുമ്പോൾ കേട്ട പൊട്ടിത്തെറി ശബ്ദം ടയറുകൾ റൺവേ ലൈറ്റിൽ തട്ടിയതു മൂലമാണെന്നാണ് വിമാന ജീവനക്കാരും പറയുന്നത്.

160 യാത്രക്കാരുമായി ഇന്നലെ പുലർച്ചെ 1.20ന് ജിദ്ദയിൽ നിന്നു പുറപ്പെട്ട വിമാനം 8.45നാണ് കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. രാവിലെ 8.35ന് അടിയന്തര ലാൻഡിംഗ് ആവശ്യമാണെന്ന സന്ദേശം 'സിയാലി"ൽ ലഭിച്ചു. ജിദ്ദയിലെ റൺവേയിൽ നിന്ന് ടയറിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതായി അറിയിച്ചതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിന് തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേക്ക് നീളം കുറവായതിനാലാണ് കൊച്ചി തിരഞ്ഞെടുത്തത്. രാവിലെ 9.08ന് കൊച്ചിയിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരെയും മൂന്ന് ബസുകളിലും കാറുകളിലുമായി റോഡ് മാർഗം കോഴിക്കോട് എത്തിച്ചു.

ലാൻഡിംഗിനു ശേഷം നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ വലത് ഭാഗത്തെ രണ്ടു ടയറുകളും പൊട്ടിയതായി സ്ഥിരീകരിച്ചു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറുകൾ തകരാറിലായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചു.

സംഭവത്തെ തുടർന്ന്, നെടുമ്പാശേരിലേക്കുള്ള ആറ് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടേണ്ട അഞ്ച് വിമാനങ്ങളും വൈകി