തീർത്ഥടനസന്ദേശ വിളംബരപദയാത്ര ശിവഗിരി മഹാസമാധിയിൽ

Friday 19 December 2025 1:50 AM IST

ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ പാറശ്ശാല ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഗുരുദേവ സന്നിധിയിൽ നിന്ന് 14ന് ആരംഭിച്ച തീർത്ഥടന സന്ദേശ വിളംബര പദയാത്ര ഇന്നലെ വൈകിട്ട് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേർന്നു. ശിവഗിരിയിൽ എത്തിച്ചേരുന്ന ഇക്കൊല്ലത്തെ ആദ്യപദയാത്രയാണിത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി വിശാലാനന്ദ , സ്വാമി ഹംസതീർത്ഥ എന്നിവരുടെയും മറ്റ് സന്യാസി ശ്രേഷ്ഠരുടെയും നേതൃത്വത്തിൽ പദയാത്രയ്ക്ക് ശിവഗിരിയിൽ സ്വീകരണം നൽകി. തുടർന്ന് മഹാസമാധി സന്നിധിയിൽ പ്രത്യേക പ്രാർത്ഥന നടന്നു .

പദയാത്ര ക്യാപ്റ്റൻ അശോകൻ ശാന്തി,വൈസ് ക്യാപ്ടൻ എം.ഡി.സലീം, ജനറൽ കൺവീനർ ചൂഴാൽ നിർമ്മലൻ,സ്വാഗതസംഘം ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, ജി.ഡി.പി.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അരുവിയോട് വിശ്വംഭരൻ ,സെക്രട്ടറി ശുചീന്ദ്രബാബു എന്നിവരാണ് പദയാത്രയ്ക്ക് നേതൃത്വം നൽകിയത്. അഞ്ച് ദിനരാത്രങ്ങൾ സഞ്ചരിച്ച പദയാത്ര അരുവിപ്പുറം മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിശ്വസംസ്കാര ഭവനിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ചിറയിൻകീഴിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ശിവഗിരിയിലെത്തിയത്