 നടിയോട് ദിലീപിന് ശത്രുത മഞ്ജു വാര്യരുടെ മൊഴി ഗൗരവമായി പരിഗണിച്ചില്ല

Friday 19 December 2025 2:50 AM IST

കൊച്ചി: കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം തന്നെ അറിയിച്ചതിന്റെ പക ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് പുലർത്തിയിരുന്നെന്ന നടി മഞ്ജുവാര്യരുടെ മൊഴിയും പ്രോസിക്യൂഷൻ വാദങ്ങളും ഗൗരവമായി പരിഗണിക്കാതെപോയെന്ന് സൂചന. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം തന്റെ ദാമ്പത്യജീവിതം തകർത്തെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. ആക്രമിക്കപ്പെട്ട നടിയും സുഹൃത്തുക്കളായ മറ്റു നടിമാരും ഇത് തന്നെ അറിയിച്ചിരുന്നു. ഫോൺ സന്ദേശങ്ങളുടെ വിവരങ്ങളും കൈമാറിയിരുന്നു. തുടർന്ന് നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തി.

2012 ഫെബ്രുവരി 12 വരെ മഞ്ജുവിന് ഇക്കാര്യം അറിയില്ലായിരുന്നു. ദിലീപിന്റെ ഫോണിൽ സംശയകരമായ ചില സന്ദേശങ്ങൾ കണ്ടപ്പോഴാണ് സുഹൃത്തുക്കളോട് അന്വേഷിച്ചത്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം സിനിമാരംഗത്ത് ഗോസിപ്പായി പരന്നിരുന്നു. 2013 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ നടന്ന 'മഴവില്ലഴകിൽ അമ്മ" താരഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ഇക്കാര്യം ചർച്ചയായിരുന്നു. ദിലീപിന്റെ പഴയ ഫോണിൽ ചില സന്ദേശങ്ങൾ കണ്ടതോടെ മഞ്ജുവും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തി ചോദിച്ചു. കാവ്യയുടെ അമ്മയെ മഞ്ജു വാര്യർ ഫോണിൽ വിളിച്ചു. ബന്ധം തുടരില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.

ഇക്കാര്യങ്ങൾ ദിലീപിന്റെ സഹോദരങ്ങളുമായും മഞ്ജു പങ്കുവച്ചു. സന്ദേശങ്ങളെക്കുറിച്ച് ഓർക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ വിശദീകരണം. ദിലീപിന് നടിയോട് ശത്രുത ആരംഭിച്ചതിന്റെ പിന്നിൽ ഇതൊക്കെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

 മൊഴികളിൽ വൈരുദ്ധ്യം വിചാരണയ്‌ക്കിടെ അഭിഭാഷകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ വൈരുദ്ധ്യമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു അന്വേഷിച്ചത് സംബന്ധിച്ച സുഹൃത്തുക്കളുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. അമേരിക്കയിൽ നടന്ന സ്‌റ്റേജ് ഷോകളിൽ കാവ്യയുടെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ടതിന്റെ ആഘാതത്തിലായിരുന്ന നടിയിൽ നിന്ന് ദിലീപ്- കാവ്യ ബന്ധം സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിച്ചില്ല. താൻ കാരണമാണ് മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെട്ടതെന്ന വിചാരം ദിലീപിനുണ്ടായിരുന്നെന്ന് നടി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ മഞ്ജുവാര്യരെ അറിയിച്ചിരുന്നതായും ഉത്തരവിലുണ്ട്.