"നിങ്ങൾ ചാടുന്ന ഓരോ 'വറ്റിനും' ഒരു ജീവന്റെ വിലയുണ്ട്"; കൊച്ചുമിടുക്കന്റെ വൈറൽ ഉത്തരം
തലശ്ശേരി: വിശപ്പിന്റെ വിലയെന്തെന്ന് ലോകത്തെ ഓർമ്മിപ്പിച്ച് ഒരു മൂന്നാം ക്ലാസുകാരൻ കുറിച്ച വരികൾ വൈറലാകുന്നു. യുദ്ധം മൂലം സർവനാശത്തിന്റെ വക്കിലെത്തിയ ഗാസയിലെയും യുക്രൈനിലെയും കുഞ്ഞുങ്ങളുടെ വിശപ്പ് മുൻനിർത്തി തലശ്ശേരി ഒ.ചന്തുമേനോൻ സ്‌കൂളിലെ വിദ്യാർത്ഥി അൻവിൻ വിജേഷ് എഴുതിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
പരീക്ഷയ്ക്ക് മുന്നോടിയായുള്ള റിവിഷൻ സമയത്താണ് അൻവിന്റെ ഈ 'വൈറൽ' ഉത്തരം പിറന്നത്. "നിങ്ങൾ ചാടുന്ന ഓരോ 'വറ്റിനും' ഒരു ജീവന്റെ വിലയുണ്ട്. ആഹാരം അമൂല്യമാണ്, അത് വലിച്ചെറിയാനുള്ള സാധനമല്ല"- എന്ന ഈ മിടുക്കന്റെ വരികൾ മുതിർന്നവർക്ക് പോലും വലിയൊരു പാഠമാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലെ മനുഷ്യരെക്കുറിച്ചുള്ള അൻവിന്റെ ചിന്തകൾ രക്ഷിതാക്കൾ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
അൻവിന്റെ വരികളിലെ പക്വതയും സാമൂഹികബോധവും തിരിച്ചറിഞ്ഞ് അഭിനന്ദനങ്ങളുമായി പ്രമുഖരും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സ്പീക്കർ എ എൻ ഷംസീർ എന്നിവർ അൻവിന്റെ ഉത്തരക്കടലാസും ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചു. വരുംതലമുറയിലെ നന്മയുടെ വെളിച്ചമാണിതെന്നാണ് പലരും കമന്റുകളിലൂടെ രേഖപ്പെടുത്തുന്നത്.കോടിയേരി സ്വദേശി വി.പി വിജേഷിന്റെയും നിമിഷയുടെ മകനാണ് അൻവിൻ വിജേഷ്.
ചന്തുമേനോൻ സ്‌കൂൾ വീണ്ടും മാതൃക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഉദാഹരണമായി ഒ.ചന്തുമേനോൻ സ്കൂൾ വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല. നേരത്തെ ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി അഹാൻ അനൂപ് "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന് ഉത്തരക്കടലാസിൽ കുറിച്ചത് കേരളം ഏറ്റെടുത്തിരുന്നു.