'നാല് വിഖ്യാത സംവിധായകർക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകൾ ഐഎഫ്‌എഫ്‌കെയിൽ പ്രദർശിപ്പിക്കാനായില്ല'
തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമേ നാല് വിഖ്യാത സംവിധായകർക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ റസൂൽ പൂക്കുട്ടി. ഇക്കാരണത്താൽ ഇവരുടെ സിനിമകൾ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനായില്ല. മലയാളികൾ കാണാൻ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവരെന്നും റസൂൽ പൂക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ചലച്ചിത്ര മേളയ്‌ക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നൽകിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ എതിർപ്പായിരുന്നു പ്രശ്‌നം. പിന്നീട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഞാൻ നേരിട്ട് കണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. ദുബായിൽ ആയിരുന്ന ഞാൻ ഇതിനായി ഡൽഹിയിലെത്തി. കോൺഗ്രസ് എംപി ശശി തരൂരും പ്രശ്‌നത്തിൽ ഇടപെട്ട് സഹായിച്ചു. വിസ ചട്ടങ്ങളിൽ കേന്ദ്രം വരുത്തിയ മാറ്റം നടപടിക്രമങ്ങൾ വൈകാൻ കാരണമായി.
വിദേശ നയം മുൻനിർത്തി സിനിമയ്‌ക്ക് അനുമതി നിഷേധിച്ചാൽ അത് പാലിക്കാൻ അക്കാഡമി ബാദ്ധ്യസ്ഥമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ തീരുമാനത്തിനല്ല പ്രസക്തി. അതുകൊണ്ടാണ് ആറ് സിനിമകളുടെ അനുമതി നിഷേധിച്ചത് അംഗീകരിച്ചത്. എന്റെ അസാന്നിദ്ധ്യം മേളയെ ബാധിച്ചിട്ടില്ല. വീഡിയോ കോൺഫറൻസിലൂടെ ഞാൻ എപ്പോഴും സംഘാടനത്തിൽ ഉണ്ടായിരുന്നു' - റസൂൽ പൂക്കുട്ടി പറഞ്ഞു.
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മൗറിത്തേനിയൻ സംവിധായകൻ അബ്‌ദുറഹ്‌മാൻ സിസാകോയ്‌ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിൽ റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.