അവസാന അങ്കം ഇന്ന് അഹമ്മദാബാദിൽ, ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര, സഞ്ജുവിന് നറുക്കുവീഴുമോ?  

Friday 19 December 2025 11:24 AM IST

ല​ക്‌​നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി- 20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതൽ നടക്കും. വൈസ് ക്യാപ്ടൻ ശുബ്മാൻ ഗില്ലിന്റെ പരിക്കിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണ് നറുക്കു വീഴുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കാൽവിരലിനേറ്റ പരിക്ക് മൂലം ഗിൽ കളിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ സഞ്ജു ഓപ്പണറായി ബാറ്റ് വീശുമെന്നാണ് പ്രതീക്ഷ. ല​ക്‌​നൗവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം കനത്ത മൂടൽമഞ്ഞ് മൂലം ഉപേക്ഷിച്ചതോടെ സഞ്ജുവിന് ലഭിക്കേണ്ടിയിരുന്ന സുവർണ്ണാവസരം നഷ്ടമായിരുന്നു. എന്നാൽ പരമ്പര നിർണ്ണയിക്കുന്ന അവസാന മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു ഓപ്പൺ ചെയ്‌തേക്കുമെന്നാണ് റിപ്പോ‌‌ർട്ടുകൾ. ട്വന്റി-20 ക്രിക്കറ്റിൽ ഓപ്പണർ റോളിലാണ് സഞ്ജു ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ളതും.പരമ്പരയിൽ 2-1 ന് മുന്നിലാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യയുടെ സാദ്ധ്യത പ്ലേയിംഗ് ഇലവൻ; അഭിഷേക് ശർമ്മ,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (ക്യാപ്ടൻ), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പ‌‌ർ), കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ/ ജസ്പ്രീത് ബുംറ.