'എന്റെ ബോസിനോട് പ്രണയം ഉണ്ടായിരുന്നെങ്കിൽ തന്നെ മറ്റാരും അതിൽ ഇടപെടേണ്ട ആവശ്യമില്ല'
ജൂലായിൽ നടന്ന കോൾഡ് പ്ലേ സംഗീത പരിപാടിയിൽ നിന്നുമുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽ വലിയ ചർച്ചയായിരുന്നു. ഒരു പുരുഷനും സ്‌ത്രീയും പരസ്‌പരം ആലിംഗനം ചെയ്‌ത് പരിപാടി ആസ്വദിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. എന്നാൽ, കാമറ തങ്ങളെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് മനസിലായപ്പോൾ ഇരുവരും മുഖം മറച്ചതോടെ വീഡിയോ വലിയ ചർച്ചയായി. അസ്‌ട്രോണമർ കമ്പനിയിലെ അന്നത്തെ സിഇഒ ബൈറണും എച്ച് ആർ എക്‌സിക്യൂട്ടീവ് ക്രിസ്റ്റിൻ കബോട്ടുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ബോസും ജീവിനക്കാരിയും തമ്മിലുള്ള രഹസ്യപ്രണയം എന്ന തരത്തിലാണ് വീഡിയോ വൈറലായത്. ഇരുവരും മുന്നേ വിവാഹതിരായതിനാൽ സംഭവം വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കി.
ഇപ്പോഴിതാ, ആദ്യമായി സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് എച്ച് ആർ എക്‌സിക്യൂട്ടീവ് ആയിരുന്ന കബോട്ട്. ആകെ നാണക്കേടുണ്ടാക്കിയ നിമിഷമായിരുന്നു അതെന്നും പരിപാടിയിൽ പങ്കെടുത്തത് മോശം തീരുമാനമായിപ്പോയെന്നും കബോട്ട് പറയുന്നു.
വ്യാപകമായ മാദ്ധ്യമശ്രദ്ധയും പൊതുജനവിമർശനവും നേടിയ സംഭവത്തെ തുടർന്ന് കബോട്ട് തന്റെ ജോലി രാജി വയ്‌ക്കാൻ നിർബന്ധിതയായി. വിവാഹമോചന നടപടികളും ആരംഭിച്ചു. ഇന്ന് ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കുറ്റബോധം തോന്നുന്നതായാണ് കബോട്ട് പ്രതികരിക്കുന്നത്. സംഭവത്തെതുടർന്ന് തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നും എല്ലാത്തിന്റെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും അവർ പറഞ്ഞു.
'ഞാൻ ഒരു മോശം തീരുമാനമെടുത്തു. എന്റെ ബോസിനൊപ്പം നൃത്തം ചെയ്യുകയും അനുചിതമായി പെരുമാറുകയും ചെയ്തു' കബോട്ട് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
തനിക്ക് ബൈറണിനോട് പ്രണയമായിരുന്നെന്നും കോൾഡ് പ്ലെയിൽ പങ്കെടുക്കുന്ന സമയത്ത് തങ്ങൾ ഇരുവരും പങ്കാളികളിൽ നിന്നും വേർപെട്ടു കഴിയുകയായിരുന്നെന്നും കബോട്ട് വെളിപ്പെടുത്തി. എന്നാൽ അന്നത്തെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന് ശേഷം വലിയ രീതിയിലുള്ള സൈബർ അധിക്ഷേപമാണ് തനിക്കെതിരെ നടക്കുന്നതെന്ന് കബോട്ട് പറയുന്നു. ഞങ്ങൾ പ്രണയത്തിലായിരുന്നെങ്കിൽ തന്നെയും അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ലെന്നും അത് തങ്ങളുടെ മാത്രം കാര്യമാണെന്നും കബോട്ട് തുറന്നടിച്ചു.