ശബരിമലയിൽ ഇഡി എത്തും; സ്വർണക്കൊള്ളയിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

Friday 19 December 2025 11:40 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം എതിർത്തിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് കോടതി അനുകൂലമായാണ് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ അറസ്​റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടുകളും എഫ്‌ഐആറിന്റെ പകർപ്പുകളും ഇഡിക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തിനോട് നിർദേശം നൽകിയിട്ടുണ്ട്.

ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾക്കകം തന്നെ കേസിന്റെ രേഖകളുടെ പകർപ്പ് കൈമാറാൻ ഇഡി പൊലീസിനെ സമീപിച്ചെങ്കിലും അനുകൂല അവസ്ഥയായിരുന്നില്ല ഉണ്ടായത്. ഇതേ തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഹൈക്കോടതിയിൽ സർക്കാർ ഇതിനെ എതിർത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം മികച്ചരീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഏതെങ്കിലും രീതിയിലുള്ള ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇഡിയോട് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ളവയിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ കേസ് രജിസ്​റ്റർ ചെയ്തായിരിക്കും അന്വേഷണം നടക്കുക.