നിലമേൽ അപകടം: മരണത്തിലും തണലായി ഒൻപത് വയസുകാരൻ ദേവപ്രയാഗ്, അവയവങ്ങൾ ദാനം ചെയ്തു

Friday 19 December 2025 11:43 AM IST

തിരുവനന്തപുരം: നിലമേലിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ദേവപ്രയാ​ഗിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സിഎം അഖിലയുടെയും മകനാണ് ദേവപ്രയാ​ഗ്.

ദേവപ്രയാ​ഗിന്റെ അഞ്ച് അവയവങ്ങളാണ് (ഒരു വൃക്കയും കരളും, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ) ദാനം ചെയ്തത്. വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോ​ഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോ​ഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോ​ഗിയ്ക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാ​ഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ദേവപ്രയാ​ഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണു​ഗോപാലും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാ​ഗിന്റെ നില അതീവ​ഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവപ്രയാ​ഗിന് ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.

കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായാണ് ദേവപ്രയാഗ് സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചത്.

ദേവപ്രയാ​ഗ് ശാന്തിനികേതൻ സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ദേവപ്രയാ​ഗിന്റെ അമ്മ സി.എം അഖില കലക്ടറേറ്റിൽ ആർടിഒ ഓഫീസ് ജീവനക്കാരിയാണ്.