കൈകാര്യം ചെയ്യുന്നത് പാകിസ്ഥാനിലെ വലിയ ശ്യംഖല; പൊറുതിമുട്ടി ഗൾഫ് രാജ്യങ്ങൾ, ഇക്കൊല്ലം മാത്രം നാടുകടത്തിയത് 24,000 പേരെ
റിയാദ്: പാക് പൗരന്മാർക്കിടയിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യയും യുഎഇയും. സംഘം ചേർന്നുള്ള ഭിക്ഷാടനം, കുറ്റകൃത്യങ്ങൾ എന്നിവ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഭിക്ഷാടനത്തിന്റെ പേരിൽ ഇക്കൊല്ലം 24,000 പാകിസ്ഥാനികളെയാണ് സൗദി നാടുകടത്തിയത്. ദുബായ് 6000 പേരെയും അസർബൈജാൻ 2500 പേരെയും നാടുകടത്തി. യുഎഇ അനേകം പാക് പൗരന്മാർക്ക് വിസ നിഷേധിക്കുകയും ചെയ്തു.
പാകിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്‌ഐഎ) ഡാറ്റ പ്രകാരം സംഘടിത ഭിക്ഷാടന സംഘങ്ങളെ തകർക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായി ഇക്കൊല്ലം അധികൃതർ വിമാനത്താവളങ്ങളിൽ നിന്ന് 66,154 പൗരന്മാരെയാണ് ഇറക്കിവിട്ടത്.
ഈ ശൃംഖലകൾ പാകിസ്ഥാന്റെ സൽപ്പേരിന് കോട്ടം വരുത്തുകയാണെന്ന് എഫ്‌ഐഎ ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു. ഈ രീതി ഗൾഫിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ആഫ്രിക്കയിലും യൂറോപ്പിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും സമാനമായ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനിൽ ഭിക്ഷാടന വ്യവസായം വളരെ സംഘടിതമായി പ്രവർത്തിക്കുകയാണെന്ന് പാക് അറ്റോർണി റഫിയ സക്കറിയ പറഞ്ഞു. ഭിക്ഷാടനത്തിനായി ഇവർ ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നു. ഭിക്ഷാടന വ്യവസായം പാകിസ്ഥാനിൽ വളരെ വിജയകരമായ സംരംഭമായി മാറി. അതിനാൽ ഇപ്പോൾ ആളുകളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
2024ൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട യാചകരിൽ കൂടുതലും പാകിസ്ഥാൻ പൗരന്മാരാണെന്ന് പാക് വിദേശ സെക്രട്ടറി സീഷാൻ ഖൻസാദ പറഞ്ഞു. 90 ശതമാനമാണ് ഇതിന്റെ കണക്കെന്നും അവർ വ്യക്തമാക്കി.
ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മക്കയിലേക്കും മദീനയിലേക്കും ഭിക്ഷാടകർ ഉംറ വിസ ചൂഷണം ചെയ്യുന്നത് തടയാൻ പാകിസ്ഥാനോട് കഴിഞ്ഞവർഷം റിയാദ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി അറേബ്യയുടെ മതകാര്യ മന്ത്രാലയം അന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.