കാണിക്കാരുടെ അറിവുകൾ ലോകത്തിന് മുന്നിലെത്തിച്ചു, പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്‌പാംഗദൻ അന്തരിച്ചു
തിരുവനന്തപുരം: പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്‌പാംഗദൻ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവാണ്. രാജ്യത്തെ പ്രശസ്ത ശാസ്ത്ര സ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്.
ലോകത്തിൽ ആദ്യമായി ഒരു ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിംഗ് മോഡൽ വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. ജൈവവിഭവങ്ങൾ സംബന്ധിച്ച പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തി പുതിയ നേട്ടങ്ങൾ കൈവരിക്കുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണിത്. കാണി ഗോത്രവർഗക്കാരുടെ പാരമ്പര്യ അറിവുകളിൽ നിന്ന് പൽപ്പു പുഷ്‌പാംഗദൻ വികസിപ്പിച്ചെടുത്ത 'ജീവനി' എന്ന ഉൽപ്പന്നം ഇതിന് ഉദാഹരണമാണ്.
1944 ജനുവരി 23ന് കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ജനിച്ച അദ്ദേഹം സൈറ്റോജെനെറ്റിക്സ്, പ്ലാന്റ് ബ്രീഡിംഗ്, ബയോപ്രോസ്പെക്റ്റിംഗ്, ബയോടെക്നോളജി, കൺസർവേഷൻ ബയോളജി, എത്‌നോബയോളജി, എത്‌നോഫാർമക്കോളജി, ഫാർമക്കോഗ്നോസി എന്നിങ്ങനെ വിവിധ ശാസ്ത്രശാഖകളിൽ നിന്ന് പ്രാവീണ്യം നേടിയിരുന്നു.
1969ൽ ജമ്മുവിലെ സിഎസ്ഐആർ റിസർച്ച് ലബോറട്ടറിയിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സർവകലാശാലയിൽ നിന്ന് ബിഎസ്സി പാസായ ശേഷം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് എംഎസ്‌സിയും പിഎച്ച്ഡിയും നേടി. 1999 മുതൽ 2006 വരെ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ടിബിജിആർഐ) ഡയറക്റ്റർ ആയും പ്രവർത്തിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്റ്ററുടെ പ്രത്യേക ചുമതലയും വഹിച്ചു.