അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ അവഹേളിച്ചക്കേസിൽ കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. വരുന്ന ദിവസങ്ങളിൽ സമാനമായ കേസുകളിൽ ഉൾപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നിവയാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ചെയ്തിട്ടില്ലെന്നും വിവാഹച്ചടങ്ങിലെ ഫോട്ടോ മാത്രമാണ് പങ്കുവച്ചതെന്നുമാണ് സന്ദീപ് കോടതിയിൽ ഉന്നയിച്ചത്. അതേസമയം, താനൊരു സ്ത്രീയാണെന്നും പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ചെയ്തിട്ടില്ലെന്നാണ് രജിത പുളിയ്ക്കലിന്റെ വാദം.
അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയിരിക്കുകയാണ്. ജനുവരി ഏഴുവരെ വിലക്ക് തുടരും. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെയാണ് ഹൈക്കോടതി പരിഗണിച്ചത്.