'നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും'; ഭാഗ്യലക്ഷ്മിക്ക് ഭീഷണി, പരാതി നൽകും
കൊച്ചി: നടൻ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആഡിഡൊഴിക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായി സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ഫോണിലൂടെയാണ് സന്ദേശം എത്തിയതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. നടി ആക്രമിക്കപ്പെട്ടകേസിലെ വിധി വന്നശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി.
ഇനിയും ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനൊപ്പം കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഭീഷണിവിളിയെത്തിയ ഫോൺനമ്പർ സഹിതം ഉടൻ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു. നേരത്തേയും ഇത്തരം പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസിലെ വിധി വന്നശേഷം നടിക്ക് അനുകൂലമായി ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. വിധി നീതിപൂർണമായില്ലെന്ന രീതിയിൽ അവർ പ്രതികരിക്കുകയും ചെയ്തു. ഇത്തരം പ്രതികരണങ്ങളാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇതുതന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. 'വിധി പുറത്തുവന്നപ്പോൾ മറ്റൊരു നടിയുടെ പേരാണ് അയാൾ പറഞ്ഞത് . അങ്ങനെപറഞ്ഞത് അയാൾ തെറ്റുചെയ്തതുകൊണ്ടാണ്. ഈ വില്ലനിസം അയാൾ നിറുത്തില്ല. അതിജീവിത പരാതികൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജു ആയേനെ. അതിജീവിത കേസുകൊടുത്തതുകൊണ്ടാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടത്'-എന്നാണ് ഐഎഫ്എഫ്കെയിലെ ഓപ്പൺഫോറത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞത്.