'ആത്മഹത്യ ചെയ്യണമായിരുന്നു'; ഇരയോ  അതിജീവിതയോ  അല്ല, സാധാരണ മനുഷ്യൻ, ജീവിക്കാൻ അനുവദിക്കൂവെന്ന് നടി

Friday 19 December 2025 2:23 PM IST

തനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. താനൊരു ഇരയോ അതിജീവിതയോ അല്ലെന്നും സാധാരണ മനുഷ്യനാണെന്നും ജീവിക്കാൻ അനുവദിക്കൂവെന്നും നടി അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അതിജീവിതയുടെ അഭ്യർത്ഥന. നടിയുടെ കുറിപ്പ് അനേകം പേർ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!! ഇരയല്ല, അതിജീവിതയല്ല, വെറും ഒരു സാധാരണ മനുഷ്യൻ!! എന്നെ ജീവിക്കാൻ അനുവദിക്കൂ