രണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാൻ കേരളത്തിലെത്തി; നേരിട്ടത് ക്രൂര മർദനം, പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Friday 19 December 2025 3:06 PM IST

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ വയ്യാർ (31) മോഷ്‌ടാവാണെന്ന ആരോപണം തള്ളി കുടുംബം. കെട്ടിടനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്നതിനാണ് നാലുദിവസം മുൻപ് ഇയാൾ കേരളത്തിലെത്തിയതെന്നും വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിയതാകാമെന്നും ബന്ധുവായ ശശികാന്ത് ബഗേൽ പറയുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തിയല്ല രാംനാരായണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജോലിക്കായി നാലു ദിവസം മുൻപാണ് രാംനാരായണൻ പാലക്കാട്ട് എത്തിയത്. എന്നാൽ ഇവിടുത്തെ ജോലി ഇഷ്‌ടപ്പെട്ടിരുന്നില്ല. സ്ഥലപരിചയം ഇല്ലാത്തതിനാൽ എങ്ങനെയോ വഴി തെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിപ്പെട്ടതാകാം. ഒരു ക്രിമിനൽ റെക്കോർഡുമില്ലാത്ത ആളാണ്. നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ വന്ന് അന്വേഷിക്കാം. മദ്യപിക്കാറുണ്ടെങ്കിലും ആരുമായും യാതൊരു പ്രശ്‌നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുടുംബം പോറ്റുന്നതിനായി ജോലി ചെയ്യാനായാണ് ഇവിടെയെത്തിയ‌ത്'- ബന്ധു ശശികാന്ത് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്‌ക്ക് അട്ടപ്പാളം മാതാളിക്കാട് ഭാഗത്തായിരുന്നു സംഭവം. ഇവിടെ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ സംശയാസ്‌പദമായ സാഹചര്യത്തിൽ രാംനാരയണനെ കാണുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇവർ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ചേർന്ന് രാംനാരായണനെ മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനായ രാംനാരായണൻ രക്തം ഛർദിച്ചെന്നും വിവരമുണ്ട്. കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറുകൾക്ക് ശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മാതാളിക്കാട് സ്വദേശികളായ പതിനഞ്ച് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പ്രാഥമിക പരിശോധനയിൽ തന്നെ അദ്ദേഹത്തിന്റെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തലയിലും ശരീരത്തിലുമേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലമുതൽ കാലുവരെ നാൽപ്പതിലേറെ മുറിവുകളുണ്ട്. ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചിഴച്ചതിന്റെയും അടയാളങ്ങൾ ശരീരത്തിലുണ്ടെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.