സ്വകാര്യ ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തു, കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെത്തുടർന്ന് ബസിനും നടപ്പാതയ്ക്കും ഇടയിൽ കുടുങ്ങി പതിനെട്ടുകാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. വടകര അഞ്ചുവിളക്ക് ബസ് സ്റ്റോപ്പിലായിരുന്നു ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. നാദാപുരം സ്വദേശിനി ദേവാംഗനയ്ക്കാണ് പരിക്കേറ്റത്.
നാദാപുരം-വടകര റൂട്ടിലോടുന്ന അഷ്മിക എന്ന ബസാണ് അപകടമുണ്ടാക്കിയത്. കോളേജിൽ പോകാനായാണ് ദേവാംഗന ബസിൽ കയറിയത്. സ്റ്റോപ്പിൽ ഇറങ്ങിയ ഉടനായിരുന്നു അപകടം. ദേവാംഗന ഇറങ്ങിയശേഷം ബസ് മുന്നോട്ടെടുക്കവെ ബസിനും നടപ്പാതയ്ക്കും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. നടപ്പാതയോടുചേർന്ന് അലക്ഷ്യമായി ബസ് മുന്നോട്ടെടുത്താണ് അപകടത്തിന് ഇടയാക്കിയത്. നടപ്പാതയ്ക്കും ബസിനും ഇടയിൽപ്പെട്ട പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്. വടകര എസ് എൻ കോളേജ് വിദ്യാർത്ഥിനിയാണ് ദേവാംഗന.