'ഹൈക്കോടതി വിധിയിൽ ഒരിടത്ത് പോലും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല'; എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ എംബി രാജേഷ്

Friday 19 December 2025 3:33 PM IST

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതി ഉത്തരവ് വന്നതിന് പിന്നാലെ സർക്കാരിന് തിരിച്ചടി എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത് തെറ്റാണ്. വിധിയിൽ ഒരിടത്ത് പോലും സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.

'അബ്‌ക്കാരി ആക്‌ടിന്റെ സെക്ഷൻ 14 പ്രകാരമുള്ള പ്രാഥമികാനുമതിയാണ് കൊടുത്തിട്ടുള്ളത് എന്ന കാര്യം കോടതി അംഗീകരിച്ചു. ലൈസൻസെടുക്കാൻ പഞ്ചായത്തിന്റെ അനുമതിയില്ലാതെ സർക്കാർ പ്രാഥമിക അനുമതി കൊടുത്തു എന്നായിരുന്നു രണ്ടാമത്തെ വാദം. എന്നാൽ, ഈ ആരോപണത്തോട് യോജിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബ്രൂവറിക്ക് വേണ്ട വെള്ളം നൽകാമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നു. അതിന്റെ പേരിലാണ് സർക്കാർ അനുമതി കൊടുത്തത്.

എന്നാൽ, പിന്നീട് വെള്ളം നൽകുന്നതിന് സമ്മതമല്ലെന്ന് വാട്ടർ അതോറിറ്റി കോടതിയിൽ അറിയിക്കുകയായിരുന്നു. സർക്കാർ അനുമതി നൽകുന്ന സമയത്ത് വാട്ടർ അതോറിറ്റി അനുമതി നൽകിയിരുന്നതായി സർക്കാരിന് വ്യക്തമായി. സർക്കാരിന് എന്തോ തിരിച്ചടി കിട്ടി എന്നാണ് പുറത്തുവരുന്നത്. കോടതി വിധി വ്യക്തമായി വായിച്ചാൽ അങ്ങനെയല്ലെന്ന് മനസിലാകും. സർക്കാരിനെ ഒരു തരത്തിലും കോടതി കുറ്റപ്പെടുത്തിയിട്ടില്ല ' - മന്ത്രി വ്യക്തമാക്കി.

പ്രതിദിനം 5,000 കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിൽ പ്രസക്തിയുണ്ടെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വേണ്ടത്ര പഠനം ഇല്ലാതെയാണ് സർക്കാർ ബ്രൂവറിക്ക് അനുമതി നൽകിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.