ജോലിയില്ലെങ്കിലും അക്കൗണ്ടിൽ കാശെത്തും; മാസംതോറും 20,500 രൂപ സ്വന്തമാക്കാം, എളുപ്പവഴി
സാധാരണക്കാരെ സംബന്ധിച്ചടത്തോളം ജോലിയിൽ നിന്ന് മാസംതോറും ലഭിക്കുന്ന ശമ്പളം വളരെ വിലപ്പെട്ടതാണ്. ജോലിയിൽ നിന്ന് വിരമിച്ചാലും ഒരു നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടുകളിലേക്കെത്തിയാലോ? അതിനുസഹായിക്കുന്ന ഒരു പോസ്റ്റോഫീസ് നിക്ഷേപപദ്ധതിയാണ് പോസ്റ്റോഫീസ് സീനിയർ സിറ്റിസൺ സ്കീം. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 20,500 രൂപ വരെ ലഭിക്കും.
പോസറ്റോഫീസുകളിലും തിരഞ്ഞെടുത്ത അംഗീകൃത ബാങ്കുകളിലും ഈ പദ്ധതിയുണ്ട്. 60 വയസിനു മുകളിലുള്ളവർക്കും 55നും 60നും ഇടയിൽ പ്രായമുള്ളവർക്കും സ്വമേധയാ സേനയിൽ നിന്ന് വിരമിച്ചവർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ഓരോ മൂന്ന് മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുകയും ചെയ്യും.
ഒരു വ്യക്തിക്ക് ഈ പദ്ധതിയനുസരിച്ചുള്ള അക്കൗണ്ടിൽ കുറഞ്ഞത് 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പങ്കാളിയുമായി ഒരു ജോയിന്റ് അക്കൗണ്ടും അനുവദനീയമാണ്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. ഓരോ കാലയളവിന്റെയും അവസാനം മറ്റൊരു മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും.
30 ലക്ഷം നിക്ഷേപിക്കുന്നവർക്ക് 8.2 ശതമാനം എന്ന സ്ഥിര പലിശ നിരക്ക് ഏകദേശം 2.46 ലക്ഷം വാർഷിക പലിശ നൽകുന്നു. ഓരോ പാദത്തിലും പലിശ നൽകുന്നതിനാൽ, ഇത് ഏകദേശം 61,500 ആയി അക്കൗണ്ടിലെത്തും. അതായത്, ഏകദേശം 20,500യ്ക് തുല്യമായ സാധാരണ പ്രതിമാസ വരുമാനം നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഈ പദ്ധതിയിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി കിഴിവിന് അർഹതയുണ്ട്, എന്നിരുന്നാലും ലഭിക്കുന്ന പലിശയ്ക്ക് ലഭിക്കുന്ന വർഷം പൂർണമായും നികുതി നൽകേണ്ടതാണ്.