ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ യുവാവ് ജീവിച്ചത് രണ്ട് വർഷം; വൃത്തിയാക്കാൻ ചെന്ന ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

Friday 19 December 2025 4:19 PM IST

ബെയ്ജിംഗ്: ഒരേ അതിഥി തന്നെ രണ്ട് വർഷമായി താമസിച്ചിരുന്ന ഹോട്ടൽ മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള കാര്യങ്ങളായിരുന്നു റൂം ചെക്കിംഗിനായി എത്തിയ ജീവനക്കാർ കാണാനിടയായത്. മാലിന്യക്കൂമ്പാരം മുറിക്കുള്ളിൽ കുമിഞ്ഞു കൂടിക്കിടക്കുന്നതാണ് കണ്ടത്. ചൈനയിലെ ചാങ്ചുനിലുള്ള ഇസ്‌പോർട്സ് ഹോട്ടലിലാണ് സംഭവം. മുറിക്കുള്ളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു മനുഷ്യന് എങ്ങനെ ഇത്രയും മാലിന്യങ്ങൾക്കിടയിൽ ജീവിക്കാൻ കഴിയുമെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയ.

ഓൺലൈൻ ഗെയിമിംഗിന് അടിമയായ യുവാവായിരുന്നു മുറിയിൽ താമസിച്ചിരുന്നത്. ഡിസംബർ 12ന് ഇയാൾ മുറി ഒഴിഞ്ഞപ്പോഴാണ് ഭീകരമായ ഈ അവസ്ഥ പുറംലോകമറിഞ്ഞത്. ഉപയോഗിച്ച ഭക്ഷണപ്പൊതികൾ, പ്ലാസ്റ്റിക് കുപ്പികളടക്കം മുറിയുടെ കോണുകളിൽ ഒരു മീറ്ററോളം ഉയരത്തിലാണ് കുന്നുകൂടിക്കിടന്നത്.

മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഗെയിമിംഗ് കമ്പ്യൂട്ടറുകളും കസേരകളും ഈ മാലിന്യങ്ങൾക്കിടയിൽ മുങ്ങിപ്പോയ നിലയിലായിരുന്നു. ഉപയോഗിച്ച ടോയ്‌‌ലറ്റ് പേപ്പറുകൾ ടോയ്‌‌ലറ്റിനു ചുറ്റും കുന്നുകൂടിയിരിക്കുന്നു. സിങ്ക് നിറയെ മാലിന്യം നിറഞ്ഞ് ബ്ലോക്ക് ആയ അവസ്ഥയിലാണ്. തറയിൽ അഴുക്കിന്റെ കട്ടിയുള്ള പാളികളും രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇയാൾ വളരെ അപൂർവ്വമായി മാത്രമേ മുറിക്ക് പുറത്തിറങ്ങിയിട്ടുള്ളൂവെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ഹോട്ടലിലെ പല ജീവനക്കാരും ഇയാളെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഭക്ഷണത്തിനായി ഫുഡ് ഡെലിവറി ആപ്പുകളെ മാത്രമാണ് യുവാവ് ആശ്രയിച്ചിരുന്നത്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങൾ മുറിയിൽ തന്നെ വലിച്ചെറിയുകയായിരുന്നു പതിവ്.

യുവാവ് മുറി ഒഴിഞ്ഞ ശേഷം ശുചീകരണ തൊഴിലാളികൾ മൂന്ന് ദിവസം തുടർച്ചയായി പണിയെടുത്താണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. എന്നാൽ വൃത്തിഹീനമായ ഗന്ധവും അഴുക്കും കാരണം മുറി ഇപ്പോഴും മറ്റൊരാൾക്ക് താമസിക്കാൻ യോഗ്യമായിട്ടില്ല. റൂം മൊത്തത്തിൽ പുതുക്കിപ്പണിയേണ്ടി വരുമെന്ന് ഹോട്ടൽ മാനേജ്‌മെന്റ് അറിയിച്ചു. ഇത് ഹോട്ടൽ മുറിയാണോ അതോ ചപ്പുചവറുകൾ ഇടുന്ന സ്ഥലമാണോ എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്.