ശബരിമല സ്വർണക്കൊള്ളയിൽ വഴിത്തിരിവ്; രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം

Friday 19 December 2025 4:30 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലകശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് സൂചന. ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം,​ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതി വിമർശിച്ചത്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു.