അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് അനന്തമായി വൈകും
കൊച്ചി: നഗരക്കുരുക്കിൽപ്പെടാതെ അങ്കമാലി കരയാപറമ്പ് മുതൽ കുണ്ടന്നൂരിലേക്ക് ആറുവരിപ്പാത എന്ന് കൊട്ടിഘോഷിക്കപ്പെട്ട അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ് അനന്തമായി നീളും. ബൈപ്പാസിന്റെ നിലവിലെ രൂപരേഖയിൽ നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ കൂടുതൽ പഠനത്തിനൊരുങ്ങുന്നതേ ഉള്ളുവെന്നതാണ് പദ്ധതി നീളാൻ കാരണം. പദ്ധതിയുടെ നിലവിലെ അലൈൻമെന്റ് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ പറഞ്ഞിരുന്നു.
അലൈൻമെന്റ് അന്തിമമാക്കിയശേഷം മാത്രമേ പദ്ധതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തുകയുള്ളു. അതിനുശേഷമാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കു. തുടർന്ന് വിജ്ഞാപനം പ്രസിദ്ധീകരിക്കൽ ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകൂ എന്നതാണ് വെല്ലുവിളി.
290.058 ഹെക്ടർ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്.
ആശങ്കകളും ആവശ്യങ്ങളും
ബൈപ്പാസ് കടന്നുപോകുന്ന 47 കിലോമീറ്റർ പ്രദേശത്ത് പലയിടത്തും പലവിപണിവിലയെന്നതാണ് പ്രധാന വെല്ലുവിളി. നിലവിലെ ദേശീയപാതയിൽ നിന്ന് 10 കിലോമീറ്ററോളം മാറി കടന്നുപോകുന്ന പ്രദേശങ്ങൾ ജനവാസമേഖലകളാണ്.
വീടും സ്ഥലവും പൂർണമായി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ചും ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. സ്ഥലത്തുള്ള മരങ്ങൾ വെട്ടാനുള്ള അനുമതി ഭൂവുടമകൾക്ക്, പുതിയ സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടികൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും ഭൂവുടമകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ്
അങ്കമാലിക്ക് അടുത്ത് മുതൽ കുണ്ടന്നൂർ വരെ നിർമ്മിക്കുന്ന പുതിയ ആറുവരി ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ.
അങ്കമാലിക്ക് വടക്ക് കരയാംപറമ്പ് മുതൽ ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലൂടെ കുണ്ടന്നൂർ വരെ
നീളം: 44.7 കിലോമീറ്റർ
വീതി: ആറുവരിപ്പാത
നിലവിലെ അവസ്ഥ: ഭൂമി ഏറ്റെടുക്കലിനായുള്ള സർവേ ജോലികൾ നടക്കുന്നു, 3എ പുനർവിജ്ഞാപനത്തിന് നീക്കം
ആലോചന: എട്ടു വരിപ്പാതയാക്കൽ പരിഗണനയിൽ
സ്ഥലമെടുപ്പ്: അങ്കമാലി, കറുകുറ്റി, മറ്റൂർ, തിരുവാങ്കുളം, തെക്കുംഭാഗം, മരട്, കൂരിക്കാട്, ഐക്കരനാട് നോർത്ത്, അറയ്ക്കപ്പടി, മാറമ്പിള്ളി, പട്ടിമറ്റം, തിരുവാണിയൂർ, വടവുകോട്, വെങ്ങോല എന്നീ വില്ലേജുകളിൽ നിന്ന്
ഗുണങ്ങൾ കൊച്ചിയുടെ കിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കും എൻ.എച്ച് 544, എൻ.ച്ച് 66 എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കും