ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു; അഞ്ചാം ക്ലാസുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യും
കോട്ടയം: ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ സന്തോഷ് എം ജോസിനെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്യും. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. മാനേജ്‌മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അദ്ധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്‌കൂളിലെ പിടിഎ യോഗത്തിലും അദ്ധ്യാപകനെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
അദ്ധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തോളിന് പരിക്കേറ്റിരുന്നു. കാരയ്‌ക്കാട് എംഎംഎം യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് സന്തോഷ് എം ജോസ്. പരീക്ഷയ്‌ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് അദ്ധ്യാപകൻ തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്‌കൂൾ മാനേജ്‌മെന്റും അറിയിച്ചിരുന്നു.
ക്ലാസ് മുറിക്കുള്ളിൽ വച്ച് പരീക്ഷയെഴുതുമ്പോഴാണ് സന്തോഷ് എം ജോസ് കുട്ടിയെ ഇടിച്ചത്. വലത് തോളിന് ക്ഷതമേറ്റു. കുട്ടിയുടെ ഇടത് കൈപ്പത്തിയിൽ നുള്ളി തൊലിപോയ പാടുമുണ്ട്. എന്തിനാണ് ഇടിച്ചതെന്ന് ചോദിച്ച സഹപാഠിയായ വിദ്യാർത്ഥിയോടും സന്തോഷ് ദേഷ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് പോകാനും അദ്ധ്യാപകൻ അനുവദിച്ചില്ല. വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയെ വീട്ടുകാർ ഉടൻതന്നെ ഈരാറ്റുപേട്ട ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈരാറ്റുപേട്ട പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണ്. സ്‌കൂൾ മാനേജ്‌മെന്റിനും പിടിഎക്കും കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. അദ്ധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.