അജ്മീറിലെ കുരുന്നുകൾക്ക് ജനസേവയുടെ ക്രിസ്മസ് സമ്മാനം
Saturday 20 December 2025 12:14 AM IST
ആലുവ: രാജസ്ഥാനിലെ അജ്മീറിൽ ജനസേവ ശിശുഭവൻ നടത്തുന്ന ജനസേവ ഉഡാൻ അക്കാഡമിയിലെ 910 കുട്ടികൾക്ക് ക്രിസ്മസ് സമ്മാനമായി കമ്പിളി വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു. അതിശൈത്യം നേരിടാൻ നാല് സെന്ററുകളിലെയും വിദ്യാർത്ഥികൾക്ക് മേൽത്തരം പുതപ്പുകളെത്തിച്ചതായി ചെയർമാൻ ജോസ് മാവേലി അറിയിച്ചു. തുളച്ചുകയറുന്ന തണുപ്പിനെ അതിജീവിക്കാൻ കമ്പിളി ഉടുപ്പും പുതപ്പും ലഭിച്ചതോടെ ചേരിപ്രദേശങ്ങളിലെ കുട്ടികൾ ആഹ്ളാദത്തിലായി. ഡയറക്ടർ ഡോ. സുനിൽ ജോസിന്റെ നേതൃത്വത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. രാജസ്ഥാനിലെ ചേരികളിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒന്നരവർഷം മുമ്പാണ് ജനസേവ ഉഡാൻ അക്കാഡമി ആരംഭിച്ചത്.