ഏഴ് മണിക്ക് സഞ്ജു ക്രീസിലിറങ്ങും; അഹമ്മദാബാദില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിംഗ്
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാമത്തേയും അവസാനത്തേയും ട്വന്റി 20യില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസണ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഉപനായകനും ഓപ്പണറുമായ ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചത്. മലയാളി താരം ഓപ്പണറായിട്ടാണ് കളിക്കുന്നതെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയാണ് കളത്തിലിറങ്ങുക.
മത്സരത്തിലേക്ക് വന്നാല്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യത്തെയും മൂന്നാമത്തേയും മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്. പരമ്പരയിലെ നാലാം മത്സരം ലക്‌നൗവില്‍ മൂടല്‍മഞ്ഞിനേയും മോശം കാലാവസ്ഥയേയും തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് പുറമേ വേറെയും രണ്ട് മാറ്റങ്ങള്‍ കൂടിയുണ്ട്. ഹര്‍ഷിത് റാണയ്ക്ക് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും കളത്തിലിറങ്ങും.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍) വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി,ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്
ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവാന്‍ ഫെറാറിയ, ജോര്‍ജ് ലിന്‍ഡേ, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എങ്കിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍