പവർലിഫ്റ്റർ വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം
കോഴിക്കോട്: കെ.കെ.വേലായുധന് 59 കിലോ ഭാരം. 71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇൗ മിന്നും നേട്ടം.
1980കളിൽ കേരളത്തിലെ പ്രധാന വെയ്റ്റ്‌ലിഫ്റ്റർമാരിൽ ഒരാളായിരുന്നു വേലായുധൻ. ദക്ഷിണേന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും അന്ന് നേടി. ഇതിനിടെ കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ജോലികിട്ടി. തിരക്കുകൾ കാരണം നാല് പതിറ്റാണ്ടിലേറെ വെയ്റ്റ്‌ലിഫ്റ്റിംഗിൽ നിന്ന് വിട്ടുനിന്നു. മൂന്ന് വർഷം മുമ്പാണ് തിരിച്ചുവരവ്. മുട്ടിക്കുളങ്ങരയിലെ എഫ് വൺ ജിമ്മിൽ പരിശീലനം തുടങ്ങി.
ഇക്കൊല്ലമാദ്യം കോഴിക്കോട്ട് നടന്ന നാഷണൽ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. 56 കിലോ ഡെഡ്‌ലിഫ്റ്റ് വിഭാഗത്തിൽ തകർത്തത് രണ്ടു ദേശീയ റെക്കാഡ്. ഭാര്യ ഇന്ദിര. മക്കൾ: പ്രിയ,രമ്യ,രശ്മി. ടഗ് ഒഫ് വാർ മുൻ ദേശീയ താരമായ പ്രിയയാണ് കോച്ചും മാനേജരും.
ദിവസം മൂന്നു മണിക്കൂറിലധികം പരിശീലനം നടത്തും. കുടുംബത്തിന്റെ പ്രോത്സാഹനമാണ് തുണ
-വേലായുധൻ