തെരുവുനായ ശല്യം: കോൾ സെന്ററിലേക്ക് 234 പരാതി
ആലപ്പുഴ: തെരുവുനായ ശല്യത്തെക്കുറിച്ച് അറിയിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ ഇൻഫർമേഷൻ കേരള മിഷൻ ഓഫീസിൽ ആരംഭിച്ച കോൾ സെന്ററിലേക്ക് വിവിധ ജില്ലകളിൽ നിന്ന് ഇതുവരെ ലഭിച്ചത് 234 പരാതികൾ. കഴിഞ്ഞ മൂന്നിനാണ് സെന്റർ ആരംഭിച്ചത്.
പേപ്പട്ടി ആക്രമണം പോലുള്ള ഗൗരവ പരാതികൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും ഹെൽത്ത് സെന്ററിലും വിവരമറിയിക്കും. മറ്റു പരാതികളിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ ജോയിന്റ് ഡയറക്ടർ മുഖേന ഇ-മെയിൽ വഴി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുമായും വെറ്ററിനറി വിദഗ്ദരുമായും ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം കോളുകൾ എത്തുന്നത്.
കഴിഞ്ഞ ദിവസം രാമനാട്ടുകര, വടക്കാഞ്ചേരി, തിരുവനന്തപുരം പാങ്ങോട്, തലശേരി എന്നിവിടങ്ങളിൽനിന്ന് പേപ്പട്ടി ആക്രമണം സംബന്ധിച്ച് നാലു കോളുകളെത്തി.
പ്രതീക്ഷയോടെ
വിളി, പക്ഷേ..
പരാതിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൾ സെന്ററിലേക്കുളള വിളികളെങ്കിലും തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകളില്ലാത്തതും ഡോഗ് ക്യാച്ചേഴ്സിന്റെ അഭാവവും പ്രതിസന്ധിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കോൾ സെന്ററിൽ ലഭിച്ച പരാതികളെല്ലാം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും എത്ര പരാതികൾക്ക് പരിഹാരമായെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.
''സുപ്രീംകോടതി നിർദ്ദേശാനുസരണം തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഷെൽട്ടർ ഹോമുകൾ സജ്ജമാക്കിയാലേ തെരുവു നായ്ക്കളെ സംബന്ധിച്ച പരാതിക്ക് ശാശ്വത പരിഹാരം കാണാനാകൂ
-തദ്ദേശ സ്വയംഭരണ
വകുപ്പ് ഡയറക്ടറേറ്റ്
തെരുവു നായ്ക്കൾ
2019-20............7 ലക്ഷം
2025.................9 ലക്ഷം
തെരുവു നായ്ക്കളുടെ കടിയേറ്റവർ, മരണം
(കടിയേറ്റവരുടെ എണ്ണം ലക്ഷത്തിൽ)
2020..........1.60.....................5 2021: .........2.21....................11 2022:.........2.88....................27 2023:.........3.06...................25 2024:.........3.17...................26
2025:.........2.49..................17
(ഒക്ടോബർ വരെ)
കോൾ സെന്റർ: 8078041416
(പ്രവൃത്തി ദിവസങ്ങളിൽ
10നും 5നും മദ്ധ്യേ)