സംശയം ചോദിച്ച കുട്ടിക്ക് ക്രൂര മർദ്ദനം; തോളെല്ലിന് പൊട്ടൽ, അദ്ധ്യാപകന് സസ്‌പെൻഷൻ

Saturday 20 December 2025 12:53 AM IST

ഈരാറ്റുപേട്ട: പരീക്ഷാ ഹാളിൽ സംശയം ചോദിച്ച പത്തു വയസുകാരനെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും നടയ്ക്കൽ സക്കീർ-ഷക്കീല ദമ്പതികളുടെ മകനുമായ മിസ്ഹാബ് ഷക്കീറിനാണ് മർദ്ദനമേറ്റത്. കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പാലാ മുത്തോലി സ്വദേശിയും സോഷ്യൽ സയൻസ് അദ്ധ്യാപകനുമായ സന്തോഷിനെ സസ്പെൻഡ് ചെയ്തു. പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സംശയം ചോദിച്ചതിന് കുട്ടിയോട് തട്ടിക്കയറിയ അദ്ധ്യാപകൻ തോളിൽ ഇടിക്കുകയും പിച്ചുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു.

വൈകിട്ട് സ്‌കൂളിൽ നിന്ന് അവശനായാണ് മകൻ എത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു.

സൈക്കിളിൽ സ്കൂളിൽ പോകുന്ന വിദ്യാർത്ഥി അന്ന് വൈകിട്ട് സൈക്കിൾ തള്ളിക്കൊണ്ടാണ് വീട്ടിലെത്തിയത്. മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപകൻ മർദ്ദിച്ച വിവരം അറിയിച്ചത്.

തുടർന്ന്, അദ്ധ്യാപകനെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.

സ്‌കൂൾ മാനേജരെ വിളിച്ച് വിവരമറിയിച്ചു. പിന്നീട്, അദ്ധ്യാപകൻ തിരികെ വിളിച്ച് തനിക്ക് തെറ്റ് പറ്റിപ്പോയെന്നും ഇത്രയും വരുമെന്ന് കരുതിയില്ലെന്നും പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അദ്ധ്യാപകൻ മർദ്ദിച്ചു എന്ന് കണ്ടെത്തിയതായി സ്കൂൾ മാനേജർ അഷ്‌റഫ് കാരക്കാട് പറഞ്ഞു.