ഈ സംസ്ഥാനത്തിന് ദിവസവും നഷ്ടം 60 കോടി വീതം; നേരിട്ട് ബാധിക്കുന്നത് 80 ലക്ഷം പേരെ
ചെന്നൈ: സംസ്ഥാനത്ത് പ്രതിസന്ധി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് കത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സംസ്ഥാനത്തെ കയറ്റുമതി മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും അമേരിക്ക ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം തീരുവയാണ് പ്രതിസന്ധിക്ക് കാരണമെന്നും കത്തില്‍ വിശദീകരിക്കുന്നു. .
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തമിഴ്‌നാടിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 30 ശതമാനത്തിന് അടുത്ത് തമിഴ്‌നാട്ടില്‍ നിന്നാണ്. തിരുപ്പൂര്‍ മേഖലയില്‍ നിന്ന് മാത്രം നഷ്ടം 15,000 കോടിയാണ്. ദിവസേന 60 കോടി രൂപ വീതമാണ് സംസ്ഥാനത്തിന്റെ നഷ്ടമെന്നും ഇത് 80 ലക്ഷം ആളുകളെയാണ് നേരിട്ട് ബാധിക്കുന്നതെന്നുമാണ് കണക്കുകള്‍. ലെതര്‍, പാദരക്ഷകള്‍ എന്നീ മേഖലകളുടെ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നഷ്ടം ഇനിയും ഉയരുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ വ്യവസായ മേഖലകളായ തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ് എന്നീ മേഖലകളില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ട്രംപുമായുള്ള കയറ്റുമതി പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്നാണ് സ്റ്റാലിന്‍ കത്തിലൂടെ ഉന്നയിക്കുന്ന ആവശ്യം.