പാപ്പാമാർ എത്തി ; ക്രിസ്മസ് പകിട്ടായി സാന്റാ ഹാർമണി
തിരുവല്ല : ക്രിസ്മസിന് വിളംബരമായി സംഘടിപ്പിച്ച സാന്റാ ഹാർമണി സ്നേഹ സംഗമത്തിൽ ആയിരക്കണക്കിന് പാപ്പാമാർ ഒത്തുചേർന്ന് നഗരത്തെ ഇളക്കിമറിച്ചു. എം.സി റോഡിൽ രാമഞ്ചിറയിൽ നിന്ന് സെന്റ് ജോൺസ് കത്തീഡ്രലിലേക്ക് സംഘടിപ്പിച്ച മഹാക്രിസ്മസ് ആഘോഷയാത്രയിലാണ് ചുവപ്പും വെള്ളയും വേഷങ്ങളിൽ പാപ്പാമാർ നഗരം കീഴടിക്കിയത്. തുറന്ന വാഹനങ്ങളിലെ പാപ്പാമാർക്ക് പിന്നിൽ ഇരുചക്ര വാഹനറാലിയും വിളംബര വാഹനവുമെത്തി. പിന്നാലെ വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങും സാന്റാ ബാനറും ചെണ്ടമേളവും ബാന്റ് സെറ്റും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചലദൃശ്യങ്ങളുമെല്ലാം നഗരത്തെ ഏറെനേരം കോരിത്തരിപ്പിച്ചു. പൗരാവലിയും വ്യാപാരസ്ഥാപനങ്ങളും പുഷ്പഗിരി, ബിലീവേഴ്സ് മെഡിക്കൽ കോളേജുകൾ, തിരുവല്ല മെഡിക്കൽ മിഷൻ, കെ.എം.ചെറിയാൻ എന്നീ ആശുപത്രികളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവല്ല രാമഞ്ചിറ ബൈപ്പാസ് ജംഗ്ഷനിൽ ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇമാം സലിം സഖാഫി, റവ.ഡോ.ബിജു പയ്യമ്പള്ളി, ഫാ.സിജോ പന്തപ്പള്ളി, ഫാ.എം.സി.പൗലോസ്, ഫാ.അലക്സാണ്ടർ കൂടാരത്തിൽ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. മാത്യു ടി.തോമസ് എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മഹാക്രിസ്മസ് ആഘോഷയാത്രയിൽ പാപ്പാമാർ, സ്‌കൂൾ,കോളേജ്,മെഡിക്കൽ വിദ്യാർത്ഥികളുടെ ഫ്ലോട്ടുകൾ, വിവിധ സംഘടനകളുടെ ക്രിസ്മസ് ഫ്ലോട്ടുകൾ, റോളർ സ്കേറ്റിംഗ്, സൈക്ലിംഗ് ടീമുകൾ, ബൈക്ക് റാലി, ബാൻഡ് സെറ്റ്, ലൈറ്റ് ഷോ, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കൂറ്റൻ കാരിക്കേച്ചറുകൾ എന്നിവ ദൃശ്യവിരുന്നായി. സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി, ജില്ലാകളക്ടർ പ്രേംകൃഷ്ണൻ, സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ, ആർ.ജയകുമാർ, എം.സലിം എന്നിവർ പ്രസംഗിച്ചു. കേക്ക് മുറിച്ച് മധുരംപങ്കിട്ടു.
ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്, ഇമാം ആപ്പീസ് നൗഫൽ അസ്സനി, റവ.ഡോ.ബിജു പയ്യംമ്പള്ളി, സണ്ണി കുരുവിള, ഫാ.എം.സി.പൗലോസ്, ഫാ.അലക്സാണ്ടർ കൂടാരത്തിൽ, റോളി മാത്യു, തഹസിൽദാർ ജിബിൻ വർഗീസ്, ജേക്കബ് പുന്നൂസ്, വർഗീസ് മാമൻ, സ്റ്റാൻലി അലക്സ്, സിബിതോമസ്, ഷാജി മാത്യു, സജി എബ്രഹാം, ജിജോ മാത്യു, എം.കെ.വർക്കി, വിനോദ് സെബാസ്റ്റിൻ, ഷിബു പുതുക്കേരിൽ, ബാബു കല്ലുങ്കൽ, ഡോ.സജി കുര്യൻ, തോംസൺ വർഗീസ്, ഫാ.മാത്യു തുണ്ടിയിൽ, ഷാജി തിരുവല്ല, അനീർ മുഹമ്മദ്, ഷെൽട്ടൻ റാഫേൽ, ജോയി ജോൺ, ലാൽജി വർഗീസ്, ബിജു ധർമ്മൂസ്, അബിൻ ബക്കർ, നിസ്സാമുദ്ദീൻ, തോമസ് ഫിലിപ്പ്, പ്രജീഷ് കുറുപ്പ് , ജെഫിൻ വർഗീസ് എന്നീവർ നേതൃത്വം നൽകി. ആർ.ഡി.ഒ സുമിത് കുമാർ താക്കൂർ റാലി ഫ്ലാഗ് ചെയ്തു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പ്ലോട്ടും ഘോഷയാത്രയിൽ അണിചേർന്നു.