തലയൂരാൻ സർക്കാർ, പാരഡി പാട്ട് കേസിൽ തുടർനടപടി ഉണ്ടാവില്ല

Saturday 20 December 2025 12:27 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് 'പോറ്റിയെ കേറ്റിയേ" എന്ന പാരഡി ഗാനമിറക്കിയതിനെതിരായ കേസിൽ സർക്കാരിന്റെ യുടേൺ. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴിയെടുത്ത് കേസ് അവസാനിപ്പിക്കും. എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയുടെ അനുമതിതേടും.

പാട്ടിനെതിരേ കേസെടുത്തത് ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്നടക്കം വൻവിമർശനങ്ങളുണ്ടായി. സമാനമായ ഡസൻകണക്കിന് പാട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ദേശീയതലത്തിലും ചർച്ചയായതോടെയാണ് സർക്കാരിന്റെ പിന്മാറ്റം.

പാട്ടിനെതിരേ കിട്ടിയ പരാതികളിൽ കേസെടുക്കേണ്ടെന്ന് എ.ഡി.ജി.പി എച്ച്.വെങ്കടേശ് ജില്ലാപൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചു. കേസിൽ ചുമത്തിയ മതവിദ്വേഷക്കുറ്റം നിലനിൽക്കില്ലെന്നും എഫ്.ഐ.ആർ കോടതിയിൽ റദ്ദാക്കപ്പെടുമെന്നും 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ഭാരതീയ നിയമ സംഹിതയിലെ 299(മതവികാരം വ്രണപ്പെടുത്തൽ), 353(1)(സി) (സമൂഹത്തിൽ വൈരാഗ്യം സൃഷ്ടിക്കൽ) വകുപ്പുകൾ ചുമത്തിയ കേസാണ് അവസാനിപ്പിക്കുന്നത്. മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ്. ഇതേ ഈണത്തിൽ രൂപപ്പെടുത്തിയ മറ്റു പാട്ടുകൾക്കെതിരേ യൂത്ത്കോൺഗ്രസ് നൽകിയപരാതികളിലും കേസെടുക്കില്ല.

സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം പാട്ട് നീക്കംചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോടും മെറ്റയോടും ആവശ്യപ്പെടില്ല. പാട്ട് പങ്കുവയ്ക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ കേസെടുക്കില്ല.

അതേസമയം,​ പാട്ടിനെതിരെയല്ല പരാതിയെന്നും ഏതാനും വാക്കുകൾക്കെതിരെയാണെന്നും പരാതിക്കാരനായ പ്രസാദ് ഇന്നലെ സൈബർ പൊലീസിന് മൊഴിനൽകി. അയ്യപ്പൻ, ശാസ്താവ് എന്നീ വാക്കുകൾ വികലമായി ഉപയോഗിച്ചത് മാറ്റണമെന്നാണ് ആവശ്യം.

മൈക്കിനെതിരായ

കേസിലും പിന്മാറ്റം

 2023 ജൂലായിൽ അയ്യൻകാളിഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ സൗണ്ട്‌സിസ്റ്റത്തിൽ ഹൗളിംഗ് ഉണ്ടായതിന്റെ പേരിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കേണ്ടിവന്നു

പൊതുസുരക്ഷയെ അപകടപ്പെടുത്തിയെന്നായിരുന്നു കുറ്റം. ആരെയും പ്രതിയാക്കിയിരുന്നില്ല. സൗണ്ട്സ് ഉടമയിൽ നിന്ന് മൈക്കും ആംപ്ലിഫയറും പിടിച്ചെടുത്തിരുന്നു. കേസ് റദ്ദാക്കിയശേഷം ഇവ വിട്ടുനൽകി

പാട്ട് നീക്കരുത്: സതീശൻ

കോടതിയുടെ നിർദ്ദേശമില്ലാത്ത സാഹചര്യത്തിൽ പാട്ട്നീക്കരുതെന്ന് യൂട്യൂബിനും മെറ്റയ്ക്കും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കത്തുനൽകി.