പാരഡിപ്പാട്ട്: തിര. കമ്മിഷന് പരാതി നൽകുന്നതിൽ മലക്കംമറിഞ്ഞ് സി.പി.എം

Saturday 20 December 2025 12:36 AM IST

പത്തനംതിട്ട: 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനുള്ള തീരുമാനത്തിൽ നിന്നും സി.പി.എം പിൻമാറി. വ്യാഴാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പാട്ടിനെതിരെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുകയുംചെയ്തു. പരാതി നൽകാൻ പന്തളം രാജകുടുംബാംഗമായ ഏരിയ കമ്മിറ്റി അംഗത്തെയും ചുമതലപ്പെടുത്തി.

എന്നാൽ, പാട്ടിനെതിരായ കേസിൽ തുടർനടപടികൾ വേണ്ടെന്ന സർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് നിലപാട് മാറ്റിയത്. കമ്മിഷനിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇന്നലെ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സി.പി.എം. പാട്ടിനെതിരെ പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതിയാണ്. സി.പി.എം പാട്ടിന് എതിരല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.