തീർത്ഥാടന പാതയിൽ ടാക്സിക്കാരുടെ ചൂഷണം
ശബരിമല : പുൽമേട് - കാനനപാത വഴി ശബരിമലയിലേക്ക് യാത്ര ചെയ്യാൻ വണ്ടിപ്പെരിയാറിലൂടെ എത്തുന്ന അയ്യപ്പഭക്തരെ ടാക്സി ഡ്രൈവർമാർ ചൂഷണം ചെയ്യുന്നതായി പരാതി. സന്നിധാനത്തേക്ക് എളുപ്പത്തിൽ എത്താനാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തീർത്ഥാടകരെ വലയിലാക്കുന്നത്. കാനനപാതയിലെ സത്രത്തിൽ സ്പോട്ട് ബുക്കിംഗിന് സൗകര്യമുണ്ടെന്നും പ്രചരിപ്പിക്കുന്നു. തീർത്ഥാടകരുടെ വാഹനം വണ്ടിപ്പെരിയാറിൽ പാർക്ക് ചെയ്യിച്ച ശേഷം ടാക്സിയിൽ കാനനപാതയിലെ സത്രത്തിൽ എത്തിക്കുകയാണ് പതിവ്. ഇതിനായി ഭീമമായ തുക ഡ്രൈവർമാർ ഈടാക്കുന്നുമുണ്ട്. ഇത്തരത്തിൽ ചൂഷണത്തിന് വിധേയരാകുന്നവരിൽ കൂടുതലും അന്യസംസ്ഥാനക്കാരായ തീർത്ഥാടകരാണ്. ഭീമമായ ടാക്സിക്കൂലി ആവശ്യപ്പെടുന്നത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാകുന്നു. ടാക്സി ക്കാരുടെ വലയിൽ പെടുന്ന സംഘത്തിൽ പ്രായമായവരും സ്ത്രീകളും കുട്ടികളുമുണ്ടാകും. അതുകൊണ്ട് തന്നെ കാനനപാതയിലേക്കുള്ള പ്രവേശനത്തിന് അനുമതി നൽകാൻ അധികൃതരും നിർബന്ധിതരാകുന്നു.
കാനനയാത്ര ഏറെ ദുഷ്കരം
ടാക്സി ഡ്രൈവർമാരുടെ ചൂഷണത്തിൽപെട്ട് എത്തുന്ന തീർത്ഥാടകരെ ബോധവത്കരണം നടത്തിയാലും തിരിച്ചുവിടാൻ കഴിയാത്ത സാഹചര്യത്തിൽ പലപ്പോഴും കാനനയാത്രയ്ക്ക് അനുമതി നൽകുകയാണ്. ഇത് പലപ്പോഴും പൊലീസ്, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, എൻ.ഡി.ആർ.എഫ്, സ്ട്രെച്ചർ ടീം തുടങ്ങിയ സംഘങ്ങൾക്ക് ജോലിഭാരം വർദ്ധിപ്പിക്കും. കാനനപാതയിൽ തീർത്ഥാടകർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായാലും രക്ഷാപ്രവർത്തനം ദുഷ്കരമാകും. വന്യമൃഗങ്ങൾ ഇറങ്ങുന്നതിനാൽ വൈകിട്ട് 6 മണിക്ക് അടച്ചിരുന്ന ഉരക്കുഴി ചെക്ക് പോസ്റ്റ് ഇപ്പോൾ രാത്രി 11വരെ നീണ്ടുപോകാറുണ്ട്.