പത്മകുമാറിനെതിരെ നടപടി വേണം: സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന പാർട്ടി ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരെ ഉടൻ നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആവശ്യം സംസ്ഥാന കമ്മിറ്രിയെ അറിയിക്കും. നടപടി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
കുറ്റപത്രം വന്നിട്ടു മതി നടപടി എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിന് വിരുദ്ധമാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. പത്മകുമാറിനെ ഇനി ചുമക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. നടപടി വൈകിപ്പിക്കുന്നത് പാർട്ടി അഴിമതിക്കാർക്ക് ഒപ്പമാണെന്ന ആക്ഷേപത്തെ ശക്തമാക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പ്രധാന കാരണം ശബരിമല സ്വർണക്കൊള്ളയാണെന്നാണ് ജില്ലാ കമ്മിറ്രിയുടെ വിലയിരുത്തൽ. ഇതും സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമാണ്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായതുപോലെ വിശ്വാസികളുടെ വോട്ടുകൾ ഇത്തവണയും ചോർന്നു. ഇങ്ങനെപോയാൽ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി പ്രതിരോധത്തിലാകുമെന്ന് യോഗത്തിൽ പ്രതിനിധികൾ പറഞ്ഞു.