അനിൽകുമാറിന്റെ നിയമനം അംഗീകരിക്കില്ല

Saturday 20 December 2025 12:39 AM IST

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ ആറുമാസമായി സസ്പെൻഷനിലായിരുന്ന രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ, സ്വയം വിടുതൽ ചെയ്ത് ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റത് കേരള സർവകലാശാല അംഗീകരിക്കില്ല. രജിസ്ട്രാറായുള്ള ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയതോടെയാണ് അനിൽകുമാർ സ്വയം വിടുതൽ ചെയ്തത്. സസ്പെൻഷൻ നടപടികൾ നിലനിൽക്കുന്നതിനാൽ, സർവകലാശാല അറിയാതെ സ്വയം വിടുതൽ നേടിയത് ചട്ടവിരുദ്ധമാണ്. ഗുരുതര കൃത്യവിലോപത്തിന് അച്ചടക്കനടപടി നേരിടുന്നതിനാൽ ഡി.ബി കോളേജിൽ ചുമതലയേൽക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് സെക്രട്ടറിക്ക് സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. കോളേജിൽ നിന്ന് പ്രിൻസിപ്പാലിന്റെ ജോയിനിംഗ് റിപ്പോർട്ട് ലഭിക്കുമ്പോൾ സർവകലാശാല അത് അംഗീകരിക്കില്ല. സസ്പെൻഷൻ പിൻവലിക്കാൻ ഡോ.അനിൽകുമാർ അപേക്ഷ നൽകിയിട്ടില്ല. പകരം 17മുതൽ രജിസ്ട്രാർ തസ്തികയിൽ തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇൻ-ചാർജ്ജ് ആർ.രശ്മിക്ക് ഇ-മെയിൽ അയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ബി കോളേജിൽ ചുമതലയേറ്റത്.