സ്വിസ് ആഡംബര വാച്ച് ആഗസ്റ്റ് റയ്‌മണ്ട് ഇന്ത്യയിലെത്തുന്നു

Saturday 20 December 2025 12:10 AM IST

കൊച്ചി: 1898-ൽ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിർമ്മാതാക്കളായ ആഗസ്റ്റ് റയ്‌മണ്ടിന്റെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തുന്നു. ടൈറ്റണിന്റെ ഹീലിയോസ് ലക്‌സുമായി കൈകോർത്താണ് വിപണി പ്രവേശനം. 127 വർഷത്തെ വാച്ച് നിർമ്മാണ പാരമ്പര്യത്തിൽ നിന്നും ആർജ്ജിച്ച മികവോടെ കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്‌തതുമായ വാച്ചുകളാണിത്. ഹീറോ മോഡൽ ഒറിജിൻ ലൂണാർ വാച്ചാണ് ഇന്ത്യയിലെത്തുന്ന മോഡലുകളിൽ മുഖ്യ ആകർഷണം. ചന്ദ്രോപരിതലം പോലുള്ള സങ്കീർണമായ കൊത്തുപണികളും അതിമനോഹരമായ തിളക്കം നൽകുന്ന സൂപ്പർ-ലുമിനോവ ബെസലും ഈ മോഡലിലുണ്ട്. പ്രശസ്തമായ ഹാൻഡ്-വൗണ്ട് യൂണിറ്റാസ് കാലിബറാണ് ഈ വാച്ചുകൾക്ക് ശക്തി പകരുന്നത്. ഒറിജിൻ, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലൻ എന്നീ നാല് കളക്ഷനുകളിലായി 23 വാച്ചുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

വിലയിൽ കേമൻ

കോർ റേഞ്ചിലുള്ള 21 വാച്ചുകൾക്ക് 1.3 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് വില. ഒറിജിൻ ശേഖരത്തിലെ രണ്ട് സ്റ്റേറ്റ്മെന്റ് വാച്ചുകൾക്ക് 4.5 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപയുമാണ് വില.

പ്രത്യേകതകൾ

1. എല്ലാ വാച്ചുകളും കൈകൊണ്ട് നിർമ്മിച്ച് അസംബിൾ ചെയ്തതാണ്

2. വ്യക്തിഗതമായി നമ്പർ ചെയ്തതും പരിമിതമായി നിർമ്മിക്കുന്നതുമാണ്

3. ഇന്ത്യയിൽ ഹീലിയോസ് ലക്‌സ് വഴി മാത്രമാണ് വാച്ചുകൾ ലഭിക്കുന്നത്

4. വിൽപ്പനയ്ക്ക് മുമ്പ് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ തേടും