പശ്ചിമ ബംഗാളിൽ പ്രവർത്തനം ആരംഭിച്ച് കേരള വിഷൻ
കൊച്ചി: ദേശീയ തലത്തിൽ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിൾ ലിമിറ്റഡ്(കെ.സി.സി.എൽ) പശ്ചിമ ബംഗാളിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ മുൻനിര മൾട്ടി സിസ്‌റ്റം ഓപ്പറേറ്ററായ കെ.സി.സി.എല്ലിന് കേരളത്തിൽ 70 ശതമാനം വിപണി വിഹിതമുണ്ട്. വിവിധ പ്രാദേശിക നെറ്റ്‌വർക്കുകളെ ഒരുമിപ്പിച്ച് കേരളത്തിൽ വിജയകരമായി നടപ്പാക്കിയ 'ഓപ്പറേറ്റർ ഓൺഡ്, ഓപ്പറേറ്റർ ഡ്രിവൺ' മാതൃക കിഴക്കൻ സംസ്ഥാനങ്ങളിൽ പുനസൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പശ്ചിമ ബംഗാളിലും വടക്കു കിഴക്കൻ ഏഷ്യൻ സംസ്ഥാനങ്ങളിലും വിപുലമായ സാന്നിദ്ധ്യമുള്ള ബാലാജി യൂണിവേഴ്‌സലുമായി കെ.സി.സി.എൽ കൈകോർക്കുന്നത്.
പശ്ചിമ ബംഗാളിലെ പ്രവർത്തനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, കെ.സി.സി.എൽ മാനേജിംഗ് ഡയറക്‌ടർ പി. പി സുരേഷ് കുമാർ, എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ. വി രാജൻ, കേരള വിഷൻ ബ്രോഡ്ബാൻഡ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ സി. സുരേഷ് കുമാർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എൻ പദ്‌മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദീർഘകാലമായി രാജ്യമൊട്ടാകെയുള്ള കേബിൾ ടി.വി ഓപ്പറേറ്റർമാർ കാത്തിരുന്ന വിജയകരമായ ബിസിനസ് മോഡലാണ് കെ.സി.സി.എൽ മുന്നോട്ടുവക്കുന്നതെന്ന് പ്രവീൺ മോഹൻ പറഞ്ഞു.
ഒരുമിച്ച് നിന്നാൽ പ്രതികൂല സാഹചര്യങ്ങളെ എളുപ്പത്തിൽ മറികടക്കാനാകുമെന്നാണ് കേരളത്തിലെ കേബിൾ ചാനലുകളുടെ ഒത്തൊരുമ വ്യക്തമാക്കുന്നതെന്ന് കെ.സി.സി.എൽ മാനേജിംഗ് ഡയറക്‌ടർ പി. പി സുരേഷ് കുമാർ പറഞ്ഞു.