റുപേ പേ ടാഗ് സ്റ്റിക്കറുമായി എസ്.ഐ.ബി
കൊച്ചി: ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതത്വത്തിലും നടത്തുന്നതിന് 'റുപേ പേ ടാഗ്' സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്(എസ്.ഐ.ബി). മൊബൈൽ ഫോൺ, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്.ഐ.ബി പേ ടാഗ് പുറത്തിറക്കിയത്. എൻ.എഫ്.സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടാഗ് പ്രവർത്തിക്കുന്നത്. അയ്യായിരം രൂപ വരെയുള്ള പർച്ചേസുകൾ പിൻ നമ്പറിന്റെ സഹായമില്ലാതെ പൂർത്തിയാക്കാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും സ്ഥാപിച്ചിട്ടുള്ള പി.ഒ.എസ് (പോയിന്റ് ഒഫ് സെയിൽ) മെഷീനുകളിൽ ടാപ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം. ഉയർന്ന തുകയ്ക്ക് പിൻ നമ്പർ ആവശ്യമാണ്. ഓൺലൈൻ പർച്ചേസുകൾക്ക് കാർഡ് , സി.വി.വി നമ്പരുകൾ, എക്‌സ്‌പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ SIB Mirror+ ആപ്ലിക്കേഷൻ മുഖേന ലഭിക്കും. റുപേ എസ്.ഐ.ബി പേ ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താം.
സുരക്ഷ, വേഗത, അനുയോജ്യത എന്നിവ മുൻനിർത്തി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന ലളിതവും കരുത്തുറ്റതുമായ സംവിധാനമാണിതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ എ. സോണി പറഞ്ഞു.