വേണ്ടപ്പെട്ടവനെ രക്ഷിക്കാനുള്ള ശ്രമം പകർത്തി; പൊലീസ് പകതീർത്തു
കൊച്ചി: സി.ഐ കരണത്തടിച്ച ഷൈമോളും ഭർത്താവ് ബെൻജോയും മൊബൈലിൽ പകർത്തിയത് റിട്ട. എസ്.ഐയുടെ മകനെ രക്ഷിക്കാൻ പൊലീസ് നടത്തിയ കള്ളക്കളി. ഇതോടെയാണ് ഇവർ എറണാകുളം നോർത്ത് പൊലീസിന്റെ കണ്ണിലെ കരടായത്. കൊച്ചി നഗരത്തിൽ ജോലി ചെയ്തിരുന്നയാളാണ് റിട്ട. എസ്.ഐ.
നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ ബെൻജോയുടെ ടൂറിസ്റ്റ് ഹോമിന് സമീപത്തെ ലോഡ്ജിൽ 2024 ജൂൺ 18ന് റിട്ട. എസ്.ഐയുടെ മകൻ റൂമെടുത്തിരുന്നു. ഈ ഭാഗത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗമുൾപ്പെടെ പതിവാണ്. റിട്ട. എസ്.ഐയുടെ മകനൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ലോഡ്ജിലെ ജീവനക്കാരും യുവാവുമായി എന്തോ തർക്കമുണ്ടായെന്നാണ് വിവരം. രണ്ടു ജീവനക്കാർ തന്റെ മൊബൈലും സ്കൂട്ടറിന്റെ താക്കോലും തട്ടിപ്പറിച്ചെന്ന് ഇയാൾ ഫോണിൽ വിളിച്ചറിയിച്ചതിനെ തുർന്നാണ് രാത്രി ഒരുമണിയോടെ നോർത്ത് പൊലീസ് എത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ സന്തോഷ്‌കുമാറും സി.പി.ഒ ജയരാജും ജീവനക്കാരെ മർദ്ദിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഷൈമോളും ബെൻജോയും പൊലീസ് മർദ്ദനം മൊബൈലിൽ പകർത്തി. ഇതോടെ പൊലീസുകാർ ജീവനക്കാരെ വിട്ട് ദമ്പതികൾക്ക് അടുത്തെത്തി. എസ്.ഐയുടെ മകനും ബെൻജോയെ സമീപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ജീവനക്കാർ മുങ്ങി. ബെൻജോ പ്രതികളെ മോചിപ്പിച്ചെന്നും കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തിയാണ് പൊലീസ് മടങ്ങിയത്. ബെൻജോയ്‌ക്കെതിരെ അന്നു തന്നെ കേസെടുത്തു. 20നാണ് ടൂറിസ്റ്റ് ഹോമിൽ കയറി കസ്റ്റഡിയിലെടുത്തതും തുടർന്ന് സ്റ്റേഷനിൽ ഷൈമോൾക്ക് മർദ്ദനമേൽക്കുന്നതും.
ദുരൂഹം ലോഡ്ജിലെ
സംഭവങ്ങൾ
സംഭവദിവസം രാത്രി റിട്ട. എസ്.ഐയുടെ മകൻ താമസിച്ച ലോഡ്ജിൽ നടന്ന സംഭവങ്ങൾ പുറത്ത് വന്നിട്ടില്ല. റൂമിലുണ്ടായിരുന്ന യുവതി പൊലീസ് എത്തിയതോടെ അപ്രത്യക്ഷയായി. ലോഡ്ജിലെ സി.സി ടിവി ദൃശ്യങ്ങൾ ബെൻജോ ചോദിച്ചെങ്കിലും പൊലീസിനെ ഭയന്ന് ഉടമ നൽകിയില്ല. ജീവനക്കാരെ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്ന ഭാഗത്ത് മറ്റൊരു ഹോട്ടലിന്റെ ക്യാമറയുണ്ട്. അവരും പൊലീസ് സമ്മർദ്ദത്താൽ ദൃശ്യങ്ങൾ നൽകാൻ വിസമ്മതിച്ചു. താൻ പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് ബെൻജോ പറഞ്ഞു.