എസ്.എൻ.ഡി.പി യോഗത്തിന് ബാധകം കേന്ദ്ര കമ്പനി നിയമം: ഹൈക്കോടതി

Saturday 20 December 2025 12:25 AM IST

കൊച്ചി: കേന്ദ്ര കമ്പനി നിയമമാണ് എസ്.എൻ.ഡി.പി യോഗത്തിന് ബാധകമെന്ന് ഹൈക്കോടതി വിധിച്ചു. കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമാണ് യോഗത്തിന് ബാധകമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്.

തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ അവകാശപ്രകാരം വോട്ടിംഗ് അനുവദിക്കുന്ന യോഗം ബൈലായിലെ വ്യവസ്ഥ റദ്ദാക്കി എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്ന് ഉത്തരവിട്ടതിനെയാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നൽകിയ നാല് അപ്പീലുകളിൽ ചോദ്യം ചെയ്തിരുന്നത്. ഡിവിഷൻ ബെഞ്ച് ഹർജിക്കാരുടെ വാദം അംഗീകരിച്ചു. കേരളത്തിന് പുറത്തും പ്രവർത്തനമുള്ളതിനാൽ ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന് വേണ്ടി അഡ്വ. എൽവിൻ പീറ്ററും അഡ്വ. സന്തോഷ് മാത്യുവും ഹാജരായി.