പരാതിപ്പെട്ടത് എന്റെ തെറ്റ്, ജീവിക്കാൻ അനുവദിക്കൂ....
കൊച്ചി: ഓടുന്ന വാഹനത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അതിവൈകാരികമായ കുറിപ്പുമായി അതിജീവിത. ആക്രമണം ഉണ്ടായപ്പോൾ നിയമനടപടി ആവശ്യപ്പെട്ട് മുന്നോട്ട് പോയതാണ് താൻ ചെയ്ത തെറ്റെന്ന് അവർ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.
കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ കണ്ടു. അതിൽ താൻ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നെന്നും നടിയുടെ കുറിപ്പിൽ പറയുന്നു.
ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും പറയാനുള്ളത്, നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നാണ്. ഇരയുമല്ല, അതിജീവിതയുമല്ല സാധാരണ മനുഷ്യൻ മാത്രമാണ് ഞാൻ. ജീവിക്കാൻ അനുവദിക്കണം... വൈകാരിക വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
സിനിമാ താരങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപ്പേരാണ് അതിജീവിതയുടെ കുറിപ്പ് അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെ പങ്കുവച്ചത്.
നേരത്തെ, അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ മാർട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമായിരുന്നു നടപടി. കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ചും അതിജീവിത നേരത്തേ രംഗത്തെത്തിയിരുന്നു.
'അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു'
- ആക്രമണത്തിനിരയായ നടി