ശബരിമല സ്വർണക്കവർച്ച അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച: ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണപ്പാളി കവർച്ചക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്‌മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ല. പ്രതിപ്പട്ടികയിൽ ചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ കുറ്റപ്പെടുത്തി. പങ്ക് വ്യക്തമാണെന്നിരിക്കെ, അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പറഞ്ഞു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. ഉത്തരവാദിത്വത്തിൽനിന്ന് ആരെയും മാറ്റി നിറുത്തേണ്ടതില്ല. പഴുതടച്ച അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നേരത്തേ തള്ളിയ ഉത്തരവിൽ, വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും എസ്.ഐ.ടി അന്വേഷിക്കണമെന്നു കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്വേഷണമുണ്ടായില്ല. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയശേഷം അന്വേഷണം സ്തംഭിച്ചു. ഉത്തരവിൽ ശ്രീകുമാറിന്റെ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചെങ്കിലും ഈ മാസം 16 വരെ അറസ്റ്റ് ചെയ്തില്ല. സുപ്രീം കോടതിയിൽ ജയശ്രീ ഹർജി നൽകിയത് 18നാണ്. എഫ്.ഐ.ആറിൽ പേരുള്ള കെ.സുനിൽ കുമാർ, ആർ.ജി. രാധാകൃഷ്ണൻ, വി.എസ്. രാജേന്ദ്ര പ്രസാദ്, കെ. രാഘവൻ നായർ എന്നിവരെ അറസ്റ്റ് ചെയ്‌തോയെന്നതു പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി.
ജാമ്യഹർജികൾ തള്ളി ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികൾ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചങ്ങനാശേരി സ്വദേശി മുരാരി ബാബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മൂന്നാം പ്രതിയുമായ എൻ. വാസു, മുൻ തിരുവാഭരണ കമ്മിഷണറും നാലാം പ്രതിയുമായ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെയും ലക്ഷക്കണക്കിനു ഭക്തരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്ന കാര്യം ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും മറന്നുപോയെന്നും വിമർശിച്ചു.