ഭണ്ഡാരി, ഗോവർദ്ധൻ അറസ്റ്റ് സ്വർണക്കൊള്ളയിൽ നിർണായകം #സ്വർണം വേർതിരിച്ച രേഖ തെളിവായി

Saturday 20 December 2025 3:45 AM IST

തിരുവനന്തപുരം: ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട്ക്രിയേഷൻസ് സി.ഇ.ഒ പങ്കജ്ഭണ്ഡാരി, സ്വർണംവാങ്ങിയ ബെല്ലാരിയിലെ റോദ്ധം ജുവലറിയുടമ ഗോവർദ്ധൻ എന്നിവർ അറസ്റ്റിലായത് കേസിൽ വഴിത്തിരിവായി.

അന്തർസംസ്ഥാന, അന്താരാഷ്ട്രബന്ധം തെളിയുന്നതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാനുള്ള സാദ്ധ്യതയുമേറി.

ഈ‌ഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകിട്ട് നാലോടെ അറസ്റ്റ്ചെയ്യുകയായിരുന്നു.

ഉണ്ണികൃഷ്ണൻപോറ്റി സ്വർണംപൂശാനെത്തിച്ചത് ചെമ്പുപാളികളാണെന്നും സ്വർണംവേർതിരിക്കാനുള്ള സാങ്കേതികവിദ്യ തങ്ങൾക്കില്ലെന്നുമായിരുന്നു ഭണ്ഡാരിയുടെ ആദ്യമൊഴി. ചെമ്പുപാളികളാണ് പോറ്റിക്ക് നൽകിയതെന്ന ഈ മൊഴി പ്രതികളും ആവർത്തിച്ചു. എന്നാൽ ശിൽപ്പപാളികളിൽ നിന്ന് സമാർട്ട്ക്രിയേഷൻസിൽ വച്ച് സ്വർണംവേർതിരിച്ചെടുത്തതിന്റെ രേഖ പിടിച്ചെടുത്തതാണ് നിർണായകമായത്. വശങ്ങളിലെ പാളികളിൽ നിന്ന് 409ഗ്രാം സ്വർണമാണ് വേർതിരിച്ചത്. റിക്കവറി ചാർജ് 61000രൂപയാണ്. ദ്വാരപാലകശിൽപ്പത്തിലെ 14പാളികളിൽ നിന്നായി 577ഗ്രാമും മറ്റിടങ്ങളിൽ നിന്ന് മൂന്ന് ഗ്രാമും വേർതിരിച്ചു. ആകെ 989ഗ്രാം സ്വർണമാണ് കിട്ടിയത്. പണിക്കൂലിയായി മൂന്നുലക്ഷം രൂപയായി. ഇതിന് വേർതിരിച്ച സ്വർണത്തിൽ 96.021ഗ്രാം സ്മാർട്ട്ക്രിയേഷൻസ് എടുത്തു.

വേർതിരിച്ചതിൽ 394ഗ്രാം സ്വർണം വീണ്ടും പാളികളിൽ പൂശി. ഇതിനുശേഷം ബാക്കിയായ 474.957ഗ്രാം പോറ്റിയുടെ ഇടനിലക്കാരൻ കൽപ്പേഷിന്റെ പക്കൽ കൊടുത്തെന്നാണ് ഭണ്ഡാരി വെളിപ്പെടുത്തിയത്. കൽപ്പേഷ് ഇത് ബെല്ലാരിയിലെ ഗോവർദ്ധനന് എത്തിച്ചുനൽകി. കച്ചവടത്തിനായി പോറ്റിയിൽ നിന്ന് വിലകൊടുത്ത് സ്വർണംവാങ്ങിയതല്ലാതെ താൻ നിരപരാധിയാണെന്നാണ് ഗോവർദ്ധന്റെ മൊഴി. ഇയാളുടെ ജുവലറിയിൽ നിന്ന് 475ഗ്രാമിന് തുല്യമായ സ്വർണം എസ്.ഐ.ടി പിടിച്ചെടുത്തിരുന്നു. ഇത് ശബരിമലയിലെ സ്വർണമല്ലെന്നാണ് നിഗമനം.

സ്വർണം ആർക്കൊക്കെ

വിറ്റെന്ന് തെളിയും

ശബരിമലയിലെ അമൂല്യമായ സ്വർണം ആർക്കൊക്കെ വിറ്റെന്നാണ് ഇനികണ്ടെത്തേണ്ടത്. ശ്രീകോവിലിലെ സ്വർണം പൂജയ്ക്കായി സമ്പന്നർക്ക് മറിച്ചുവിറ്റെന്നാണ് നിഗമനം.

വേർതിരിച്ചതിൽ 475ഗ്രാം സ്വർണം ഓരോഗ്രാം വീതമുള്ള നാണയങ്ങളും ലോക്കറ്റുമാക്കി വൻവിലയ്ക്ക് വിറ്റതായും എസ്.ഐ.ടിക്ക് വിവരമുണ്ട്.

ബെല്ലാരിയിലെ ജുവലറിയിൽ ശബരിമല തന്ത്രിയുടെ കൈകൊണ്ട് സ്വർണനാണയ- ലോക്കറ്റ് വിതരണം പ്രത്യേക ഓഫറായി ഗോവർദ്ധൻ അവതരിപ്പിച്ചിരുന്നു. തന്ത്രി ജുലവറിയിലുമെത്തി.

സ്വർണപ്പാളികളുടെ തിളക്കം കൂട്ടാനെന്ന വ്യാജേന പാളികൾ കടത്തി സ്വർണം കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടത്തിയതെന്നാണ് കണ്ടെത്തൽ.