ശബരിമലയുടെ സംരക്ഷകർ കുറ്റവാളികളായി:ഹൈക്കോടതി # എസ്.ഐ.ടിക്കും വിമർശനം #നിയമത്തിന്റെ പഴുതിൽ രക്ഷപ്പെടാൻ അനുവദിക്കരുത്

Saturday 20 December 2025 3:46 AM IST

കൊച്ചി: ശബരിമലയുടെ സംരക്ഷകരാകേണ്ടവർ തന്നെ വിനാശകാരികളായെന്ന് ഹൈക്കോടതി. കാവൽക്കാർ കുറ്റവാളികളാവുകയും രക്ഷിക്കേണ്ട കരങ്ങൾ മുറിവേൽപ്പിക്കുകയും ചെയ്ത സംഭവങ്ങൾക്ക് സമാനതകളില്ല. ഭഗവാന്റെയും ഭക്തരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പകരം സ്വർണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്തതിനെ എങ്ങനെ ന്യായീകരിക്കാനാകും?

സ്വർണക്കവർച്ച കേസുകളിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ഈ പരാമർശങ്ങൾ. പ്രമേഹം, രക്തസമ്മർദ്ദം, പ്രായം തുടങ്ങിയ ന്യായങ്ങൾ ജാമ്യം ലഭിക്കാൻ കാരണമല്ല. ജയിലധികൃതർക്ക് മികച്ച ചികിത്സ നൽകാൻ കഴിയും. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നു മാത്രമല്ല, ഭക്തരുടെ താത്പര്യങ്ങൾക്കു വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു.

അതേസമയം, കുറ്റവാളികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ അന്വേഷണ ഏജൻസികളും പ്രോസിക്യൂഷനും അതീവ ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു.

ഗൗരവമേറിയ കേസുകളുടെ അന്വേഷണത്തിലെ ബോധപൂർവമായ വീഴ്ചകളും അലസതയും ഒഴിവാക്കണം. അല്ലെങ്കിൽ അതിൽ ഉൾപ്പെട്ട ഉന്നതരടക്കം നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടും

കേസന്വേഷണത്തിലെ വീഴ്ചകൾ രാജ്യത്തിന്റെ വികസനത്തെയും സാമൂഹിക സന്തുലിതാവസ്ഥയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും

എല്ലാം കരുതിക്കൂട്ടി:

പ്രോസിക്യൂഷൻ

പ്രബലരായ പ്രതികൾ ആസൂത്രിതമായി നടത്തിയ തട്ടിപ്പാണിതെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ശില്പങ്ങൾ സ്വർണം പൊതിഞ്ഞവയാണെന്ന് അറിയാമായിരുന്നിട്ടും മൂന്നാം പ്രതി വാസു തുടർനടപടിക്കു ശുപാർശ ചെയ്തു. സ്ഥലത്തില്ലാത്തവരുടെ പേരുകളും ഒപ്പുകളും രേഖപ്പെടുത്തി. നാലാംപ്രതി കെ.എസ്. ബൈജു അടക്കമുള്ള പ്രതികൾ ബോർഡിന്റെ മിനിറ്റ്‌സിനു വിരുദ്ധമായി ശില്പങ്ങൾ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദ്ദേശിച്ചു. ശില്പങ്ങൾ തിരിച്ചെത്തിച്ചപ്പോൾ, ഭാരം പരിശോധിക്കാതെ വീണ്ടും മഹസർ തയ്യാറാക്കി. ഫോറൻസിക് പരിശോധനയിൽ മുരാരി ബാബുവിന്റെ മൊബൈൽ ഫോണിൽ നിന്നു നിർണായക തെളിവുകൾ കണ്ടെത്തിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു.