വമ്പന്‍ വാച്ച് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നു; ഒരെണ്ണം വാങ്ങണമെങ്കില്‍ കടമ്പകളേറെ

Saturday 20 December 2025 12:03 AM IST

കൊച്ചി: 1898-ല്‍ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിര്‍മ്മാതാക്കളായ ആഗസ്റ്റ് റയ്മണ്ടിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ടൈറ്റണിന്റെ ഹീലിയോസ് ലക്സുമായി കൈകോര്‍ത്താണ് വിപണി പ്രവേശനം. 127 വര്‍ഷത്തെ വാച്ച് നിര്‍മ്മാണ പാരമ്പര്യത്തില്‍ നിന്നും ആര്‍ജ്ജിച്ച മികവോടെ കൈകൊണ്ട് നിര്‍മ്മിച്ചതും അസംബിള്‍ ചെയ്തതും വ്യക്തിഗതമായി നമ്പര്‍ ചെയ്തതുമായ വാച്ചുകളാണിത്. ഹീറോ മോഡല്‍ ഒറിജിന്‍ ലൂണാര്‍ വാച്ചാണ് ഇന്ത്യയിലെത്തുന്ന മോഡലുകളില്‍ മുഖ്യ ആകര്‍ഷണം. ചന്ദ്രോപരിതലം പോലുള്ള സങ്കീര്‍ണമായ കൊത്തുപണികളും അതിമനോഹരമായ തിളക്കം നല്‍കുന്ന സൂപ്പര്‍-ലുമിനോവ ബെസലും ഈ മോഡലിലുണ്ട്. പ്രശസ്തമായ ഹാന്‍ഡ്-വൗണ്ട് യൂണിറ്റാസ് കാലിബറാണ് ഈ വാച്ചുകള്‍ക്ക് ശക്തി പകരുന്നത്. ഒറിജിന്‍, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലന്‍ എന്നീ നാല് കളക്ഷനുകളിലായി 23 വാച്ചുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

വിലയില്‍ കേമന്‍

കോര്‍ റേഞ്ചിലുള്ള 21 വാച്ചുകള്‍ക്ക് 1.3 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് വില. ഒറിജിന്‍ ശേഖരത്തിലെ രണ്ട് സ്റ്റേറ്റ്‌മെന്റ് വാച്ചുകള്‍ക്ക് 4.5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപയുമാണ് വില.

പ്രത്യേകതകള്‍

1. എല്ലാ വാച്ചുകളും കൈകൊണ്ട് നിര്‍മ്മിച്ച് അസംബിള്‍ ചെയ്തതാണ്

2. വ്യക്തിഗതമായി നമ്പര്‍ ചെയ്തതും പരിമിതമായി നിര്‍മ്മിക്കുന്നതുമാണ്

3. ഇന്ത്യയില്‍ ഹീലിയോസ് ലക്സ് വഴി മാത്രമാണ് വാച്ചുകള്‍ ലഭിക്കുന്നത്

4. വില്‍പ്പനയ്ക്ക് മുമ്പ് ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ തേടും