എസ്.എച്ച്.ഒയുടെ കരണത്തടി; അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം തേടി ദമ്പതികൾ

Saturday 20 December 2025 12:06 AM IST

കൊച്ചി: ഗർഭിണിയെ മാറിടത്തിൽ പിടിച്ചുതള്ളി കരണത്തടിച്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ കെ.ജി. പ്രതാപ് ചന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം. മർദ്ദനത്തിന് ഇരയായ തൊടുപുഴ സ്വദേശി ഷൈമോളും ഭർത്താവ് ബെൻജോ ബേബിയും എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിലാണ് ഇക്കാര്യമുന്നയിച്ചത്.

സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾക്കായി ഹൈക്കോടതിയിലും പ്രതാപ് ചന്ദ്രനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.ജെ.എം കോടതിയിലും ദമ്പതികൾ സ്വകാര്യ അന്യായങ്ങൾ നേരത്തെ ഫയൽ ചെയ്തിരുന്നു. എ.സി.ജെ.എം കോടതി ഇന്നലെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്.

ദമ്പതികളുടെ വീട്ടിലെ ജീവനക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഹാബിത്ത് ആലം സാക്ഷിയെന്ന നിലയിൽ കോടതിയിൽ മൊഴി നൽകി. സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി വേണമോയെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് 17ന് വീണ്ടും പരിഗണിക്കും. സംഭവം നടക്കുമ്പോൾ ഷൈമോൾ മൂന്നുമാസം ഗർഭിണിയായിരുന്നു.

അതേസമയം, 2024 ജൂൺ 20ന് സ്റ്റേഷനിൽ ഗർഭിണിക്കു മർദ്ദനമേൽക്കുന്നതിനു മുമ്പുള്ള സി.സി ടിവി ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. അതിൽ ദമ്പതികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതോ, കുഞ്ഞുങ്ങളെ നിലത്തെറിയാൻ ഷൈമോൾ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളില്ല.

 നിയമപരമായി നേരിടും

സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ബെൻജോ ബേബി പറഞ്ഞു. എസ്.എച്ച്.ഒ വെറുതേ ആരോപണം ഉന്നയിക്കുകയാണ്. താൻ ക്രിമിനലാണെന്ന് പറയുന്നു. തനിക്കെതിരെയുള്ള കേസുകൾ പൊലീസ് അന്വേഷിക്കട്ടെ. താൻ ക്രിമിനലാണെന്ന് കോടതിയാണ് പറയേണ്ടതെന്നും വ്യക്തമാക്കി.

ഭീകരാന്തരീക്ഷം

സൃഷ്ടിച്ചിട്ടില്ല: ഷൈമോൾ

താൻ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെങ്കിലും രണ്ട് പൊടിക്കുഞ്ഞുങ്ങൾ തന്റെ ഒപ്പം ഉണ്ടായിരുന്നത് എസ്.എച്ച്.ഒ കണ്ടില്ലേയെന്ന് ഷൈമോൾ. മർദ്ദിക്കുമ്പോൾ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന പ്രതാപ് ചന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സ്റ്റേഷനിൽ താൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടില്ല. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് വിഷമിച്ചുപോയി. നെഞ്ചിൽ പിടിച്ച് തള്ളിയപ്പോഴാണ് എസ്.എച്ച്.ഒയുടെ അടുത്തേക്ക് പോയത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിലും മുഖ്യമന്ത്രി ഇടപെട്ടതിലും സന്തോഷം.