മസാല ബോണ്ട് കേസ്, ഇ.ഡി നോട്ടീസിലെ തുടർ നടപടി തടഞ്ഞതിന് സ്റ്റേ

Saturday 20 December 2025 12:08 AM IST

കൊച്ചി: കിഫ്ബി, മസാല ബോണ്ട് വഴി സമാഹരിച്ച പണം വിനിയോഗിച്ചതിൽ ഫെമ നിയമ ലംഘനമുണ്ടെന്ന ഇ.ഡി നോട്ടീസിലെ തുടർനടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇ.ഡി നൽകിയ അപ്പീൽ അന്തിമ വാദത്തിനായി ജനുവരി അഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടി തടഞ്ഞത് തെറ്റായതിനാൽ റദ്ദാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ലഭിച്ചത് വെറും നോട്ടിസല്ലെന്നും അത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്നും സർക്കാർ വാദിച്ചു. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന ഇ.ഡിയുടെ പരാതിയിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി കിഫ്ബിക്ക് നോട്ടിസ് നൽകിയത്.

നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലേറ്റ് അതോറിറ്റിയടക്കം ഉണ്ടെന്നിരിക്കെ തുടർനടപടി സ്റ്റേ ചെയ്തത് തെറ്റാണെന്നായിരുന്നു ഇ.ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശന്റെ വാദം. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വാങ്ങുന്നതിനെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. ഇക്കാര്യങ്ങൾ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി മുമ്പാകെ പറയാനാകില്ലേയെന്ന് കോടതി ചോദിച്ചു.