ട്വന്റി-20 ലോകകപ്പ് ഇന്ത്യൻ ടീമിനെ ഇന്നറിയാം

Saturday 20 December 2025 12:09 AM IST

മുംബയ് : അടുത്തവർഷമാദ്യം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സാദ്ധ്യതാ ടീമിനെ പ്രഖ്യാപിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അഗാർക്കറിന്റെ അദ്ധ്യക്ഷതയിൽ ഇന്നുചേരും. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലേയും സെയ്ദ് മുഷ്താഖ് ട്രോഫിയിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമിനെ സെലക്ട് ചെയ്യുക.

സൂര്യകുമാർ യാദവ് നയിക്കുന്ന നിലവിലെ ടീമിൽ വലിയ മാറ്റങ്ങൾ വരാൻ സാദ്ധ്യതില്ലെന്നാണ് സൂചന. എന്നാൽ ആഭ്യന്തരക്രിക്കറ്റിൽ മികവ് പുലർത്തിയ ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങൾ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. 2026 ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ,നമീബിയ,നെതർലാൻഡ്സ്, യു.എസ്.എ എന്നീ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ന്യൂസിലാൻഡുമായി അഞ്ച് ട്വന്റി-20കളുടെ പരമ്പരയുണ്ട്. ലോകകപ്പിനായുള്ള ടീമാകും ഈ പരമ്പരയിൽ കളിക്കുക. ട്വന്റി-20 ഫോർമാറ്റിലെ നായകനായി സൂര്യകുമാർ യാദവിന് വലിയ വെല്ലുവിളിയാണ് ഈ ലോകകപ്പ്. കിരീടം നിനിറുത്താനായില്ലെങ്കിൽ സൂര്യയുടെ ക്യാപ്ടൻസി തെറിച്ചേക്കും. ശുഭ്മാൻ ഗില്ലിനെ മൂന്നുഫോർമാറ്റുകളിലും നായകനുമാക്കിയേക്കും.

മത്സരിക്കാൻ യുവതാരങ്ങൾ

ടീമിലേക്ക് എത്താൻ മത്സരിക്കുന്ന പ്രധാന യുവതാരങ്ങൾ ഇവരാണ്...

1. സഞ്ജു സാംസൺ

2024ൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിട്ടും ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിയാതിരുന്ന സഞ്ജുവിന് ഈ ലോകകപ്പിലും അവസരം ലഭിച്ചേക്കും. എന്നാൽ ഓപ്പണറായി ഗില്ലും കീപ്പറായി ജിതേഷും ടീമിലുണ്ടെങ്കിൽ പ്ളേയിംഗ് ഇലവനിൽ പ്രവേശനം പ്രയാസമാകും.

2.യശസ്വി ജയ്സ്വാൾ

കഴിഞ്ഞ ലോകകപ്പിൽ കളിച്ച താരമാണ് യശസ്വിയെങ്കിലും ചെറു ഫോർമാറ്റിൽ സ്ഥിരം സ്ഥാനമില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ട്വന്റി-20 പരമ്പരയിൽ അവസരമില്ലായിരുന്നു.

3. ഇഷാൻ കിഷൻ

സെയ്ദ് മുഷ്താഖ് ട്രോഫി ഫൈനലിൽ സെഞ്ച്വറിയടിച്ച് ജാർഖണ്ഡിനെ കിരീടത്തിലെത്തിച്ച ഇഷാൻ കിഷൻ ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവിന് യോഗ്യനാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇഷാൻ വന്നാൽ സഞ്ജുവിനും ജിതേഷിനും ഭീഷണിയാകും.